തൃശൂർ: കുഴൽപ്പണക്കേസിൽ സംസ്ഥാന സർക്കാരിനെതിരേ പത്താംതീയതി മുതൽ സമരത്തിനിറങ്ങുമെന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെയും മകനെയും കുടുക്കാനുള്ള ശ്രമങ്ങളെ ചെറുക്കും. വാദിയെ പ്രതിയാക്കുന്ന നീക്കമാണു കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും നടത്തുന്നത്.
ബിജെപിക്കെതിരേ അപവാദ പ്രചാരണം നടത്തുകയാണെന്ന് രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ബിജെപിയെ തകർക്കാനുള്ള ക്വട്ടേഷൻ സംഘത്തിന്റെ ക്യാപ്റ്റനായിരിക്കുകയാണ് മുഖ്യമന്ത്രി.
വെറുക്കപ്പെട്ട സംഘമാണു കേസ് അന്വേഷിക്കുന്നത്. തൃശൂർ ജില്ലാ പ്രസിഡന്റിനെ പോലീസ് വിളിച്ചു ചോദ്യം ചെയ്തു.
പ്രതികൾക്കു മുറിയെടുത്തു കൊടുത്തെന്നാണ് ആരോപണം. ഉത്തരവാദപ്പെട്ട ദേശീയ പാർട്ടിയുടെ ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യുന്നതു മര്യാദയാണോ?
കേസിലെ ഒരു പ്രതിയുടെ മൊഴിയെടുത്താൽ മുൻമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾ കുടുങ്ങും.
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകനെതിരേയുള്ള കള്ളപ്പണക്കേസിൽ കോടിയേരിയുടെ ഭാര്യയെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് വിളിപ്പിച്ചതാണ്. അവർ പോയില്ല. സിപിഎമ്മിന്റെ കളിയാണത്.
ബിജെപിയെ പൊതുസമൂഹത്തിനു മുന്നിൽ തേജോവധം ചെയ്യാനുള്ള ശ്രമത്തെ നേരിടും. അതിശക്തമായ പ്രക്ഷോഭം ആരംഭിക്കും.
സമരകാര്യങ്ങൾ സംസ്ഥാന ഭാരവാഹികളുടെ യോഗം ചർച്ചചെയ്യും. സരിത ആരോപണം ഉന്നയിച്ച കേസിലെ പ്രതികൾ പലരും ഇന്നും നിയമസഭയിലുണ്ട്. പാർലമെന്റിലുമുണ്ട്.
ഇവരെ പിടികൂടി ചോദ്യം ചെയ്യാൻ പിണറായി വിജയനു കഴിയുമോ? എ.എൻ. രാധാകൃഷ്ണൻ ചോദിച്ചു.