നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയും നിംസ് മെഡിസിറ്റിയും സംയുക്തമായി നടപ്പിലാക്കിയ അരികിലുണ്ട് ഡോക്ടര്‍ പദ്ധതി ശ്രദ്ധേയമാകുന്നു.കോവിഡ് 19 ബാധിച്ച് വീട്ടിൽ കഴിയുന്നവർക്ക് വിദഗ്ധ ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തി ചികിത്സ നല്കുന്ന പദ്ധതിയാണ് അരികിലുണ്ട് ഡോക്ടര്‍.
44 വാർഡുകളിലും പദ്ധതിയുടെ പ്രയോജനം ഉറപ്പ് വരുത്തുന്നുണ്ടെന്ന് നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെ. ജോസ് ഫ്രാങ്ക്ളിന് അറിയിച്ചു.രണ്ടു ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങിയ സംഘമാണ് കോവിഡ് രോഗികളെ വീട്ടില്‍ പരിശോധിക്കാനെത്തുന്നത്.
വാര്‍ഡ് കൗൺസിലർമാർ, ആശാ പ്രവർത്തകർ, ജാഗ്രതാ സമിതി അംഗങ്ങൾ തുടങ്ങിയവരുടെ സഹകരണവും ഇവര്‍ക്കുണ്ട്. എല്ലാ ദിവസവും സംഘം നഗരസഭ വാര്‍ഡുകളിലെത്തും.
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അവശ്യമായ നിര്‍ദേശങ്ങള്‍ ഇവര്‍ക്ക് നല്കുന്നു. വീടുകളിൽ പരിശോധനയും ചികിത്സയും ഉറപ്പ് വരുത്തുകയും വിദഗ്ധ ചികിത്സ വേണമെന്നുള്ളവരെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നല്‍കുകയും ചെയ്യുന്നുണ്ട്.
കൊറോണ കാലത്ത് രോഗികളുടെ ഉൽക്കണ്ഠകളും ആശങ്കകളും മാനസിക സംഘർഷവുമൊക്കെ കുറയ്ക്കാന്‍ ഈ പദ്ധതി സഹായകമായിട്ടുണ്ടെന്നും ജോസ് ഫ്രാങ്ക്ളിന് കൂട്ടിച്ചേര്‍ത്തു.