കൊച്ചി: കാറില്‍ കടത്തിയ 55 ലക്ഷം രൂപയുമായി പിടിയിലായ യുവാക്കളില്‍ ഒരാള്‍ മംഗളൂരുവില്‍ ദേശീയപാതയില്‍
നടന്ന സ്വര്‍ണ മോഷണക്കേസിലെ പ്രതിയാണെന്ന് സംശയം. ഇതു സംബന്ധിച്ച വിശദമായ അന്വേഷണത്തിലാണ് അധികൃതര്‍.
കണ്ണൂര്‍ സ്വദേശി റാഷിദ്(37), കാറിന്റെ ഡ്രൈവര്‍ കാലടി സ്വദേശി നിസാം(31) എന്നിവരാണ് എറണാകുളം കണ്ടെയ്നര്‍ റോഡില്‍ ബോള്‍ഗാട്ടി ജംഗ്ഷനില്‍ നടത്തിയ വാഹന പരിശോധനയില്‍ മുളവുകാട് പോലീസിന്റെ പിടിയിലായത്.
റാഷിദ് കൊച്ചിയിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് മംഗളൂരു ക്രൈംബ്രാഞ്ച് സംഘവും എറണാകുളം സെന്‍ട്രല്‍ എസിപി എ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംയുക്തമായി റാഷിദ് താമസിച്ചിരുന്ന ഫ്ളാറ്റില്‍ പരിശോധന നടത്തുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി വാഹനപരിശോധനയില്‍ കുടുങ്ങിയതാണെന്നാണ് നിഗമനം.
ഇരുവരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടില്ല. വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പണത്തിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.
ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി മുളവുകാട് ഇന്‍സ്പെക്ടര്‍ സുനില്‍രാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രേഖകളില്ലാത്ത രൂപയുമായി യുവാക്കളെ പിടികൂടിയത്.
പോലീസിന്റെ ചോദ്യങ്ങള്‍ക്കു റാഷിദ് നല്കിയ മറുപടിയില്‍ സംശയം തോന്നിയ പോലീസ് കാര്‍ പരിശോധിച്ചപ്പോഴാണു ബാഗില്‍ പണം കണ്ടെത്തിയത്.
ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടു പോകുകയാണെന്ന് പറഞ്ഞു ഇവര്‍ പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിശദാംശങ്ങള്‍ തേടിയതോടെ ഇവര്‍ ബാഗുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.