ന്യൂഡൽഹി: പ്രതിദിന കോവിഡ് കണക്കുകളിൽ ഇന്നും ആശ്വാസം. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷത്തിൽ താഴെയായി. 24 മണിക്കൂറിനിടെ 86,498 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2123 പേരുടെ മരണം സ്ഥിരീകരിച്ചു. ഇന്നലെ 18,73,485 സാന്പിളുകളാണ് പരിശോധിച്ചത്.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.62 ശതമാനമാണ്. രോഗമുക്തിനിരക്ക് 94.29 ശതമാനമായി ഉയരുകയും ചെയ്തു. 13,02,702 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. കോവിഡ് രണ്ടാം തരംഗം കുറഞ്ഞുവരുന്നതായാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ പ്രതിദിന കണക്കുകളിൽനിന്നും മനസിലാകുന്നത്.
അതേസമയം, ഇന്ത്യയിൽ കൊറോണ വൈറസിന്റെ പുതിയൊരു വകഭേദം കൂടി കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. ബി 1.1.28.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. വിദേശത്ത് നിന്ന് എത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.
കടുത്ത ലക്ഷണങ്ങൾക്ക് ഇടയാക്കുന്നതാണ് പുതിയ വകഭേദം.
പൂനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ ജീനോം സ്വീക്വൻസിംഗിലൂടെയാണ് പുതിയ വകഭേദം കണ്ടെത്തിയത്.