കെ. ഷിന്റുലാല്‍
കോഴിക്കോട്: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടിയതിന് പിന്നാലെ നിര്‍മാണ മേഖലയിലെ പോലീസിന്റെ ഇടപെടലിനെതിരേ താക്കീതുമായി വീണ്ടും എഡിജിപി. എല്ലാവിധ സര്‍ക്കാര്‍ -സ്വകാര്യ നിര്‍മാണ പ്രവൃത്തികളും അനുവദിക്കപ്പെട്ടതാണെന്നും യാതൊരു കാരണവശാലും തടസപ്പെടുത്താന്‍ പാടുള്ളതല്ലെന്നും സര്‍ക്കാറും ഉത്തരവിറക്കിയിരുന്നു.
എന്നിട്ടും ചില സ്ഥലങ്ങളില്‍ പോലീസുകാര്‍ ഇതിന് വിരുദ്ധമായി നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ്സാക്കറെ വീണ്ടും ഉത്തരവിറക്കിയത്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് നിര്‍മാണ മേഖലയെ ഒഴിവാക്കിയതാണ്. എന്നാല്‍ നിരവധി സ്ഥലങ്ങളില്‍ പോലീസ് നിര്‍മാണ തൊഴിലാളികളെ തടഞ്ഞുവയ്ക്കുന്നുണ്ട്.
ഇനി മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍മാണ തൊഴിലാളികളെയും അനാവശ്യമായി തടയരുതെന്നും ജില്ലാ പോലീസ് മേധാവിമാര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി ഉത്തരവിറക്കി.
ലോക്ക്ഡൗണ്‍ ആരംഭഘട്ടത്തില്‍ തന്നെ നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ടുള്ള ഇളവുകള്‍ സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബഹ്റ ഉള്‍പ്പെടെ ഉത്തരവിറക്കിയിരുന്നു.
നിര്‍മാണമേഖലയുമായി ബന്ധപ്പെട്ട ഇളവുകള്‍ സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിമാര്‍ എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥര്‍ക്കായി മലയാളത്തില്‍ വ്യക്തമായ നിര്‍ദേശം നല്‍കണമെന്നും ഡിജിപി ഉത്തരവിറക്കിയിരുന്നു.
ഡിജിപിക്ക് വേണ്ടി ഹെഡ്ക്വാട്ടേഴ്സ് എഡിജിപിയാണ് പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നത്. പോലീസിന്റെ പരിശോധനക്കെതിരേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വ്യാപകപരാതികളായിരുന്നു ഉയര്‍ന്നത്.
പോലീസ് ഓഫീസര്‍മാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വരെ തടസപ്പെടുത്തുന്നതായാണ് പരാതി.
കൂടാതെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് തൊഴിലാളികളെ എത്തിക്കുന്ന ബസുകളും മറ്റു വാഹനങ്ങളും തടയുന്നുണ്ട് . ഇത് സംബന്ധിച്ച് വ്യാപക പരാതിയുണ്ടെന്നും അന്നത്തെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴും ഈ സ്ഥിതിയില്‍ മാറ്റമില്ലെന്നാണ് എഡിജിപിയുടെ പുതിയ ഉത്തരവിലൂടെ വ്യക്തമാവുന്നത്.