പീരുമേട്: ഓണ്‍ലൈൻ പഠനം സുഗമമാക്കാൻ മരക്കൊന്പിൽ ഏറുമാടമൊരുക്കി ഡിഗ്രി വിദ്യാർഥി. പീരുമേട് പള്ളിക്കുന്ന് നീരൊഴുക്കിൽ വീട്ടിൽ പ്രദീപിന്റെയും സിന്ധുവിന്റെയും മകൻ ശ്യാം പ്രദീപാണ് ഫോണ്‍ നെറ്റ്വർക്കു പിടിക്കാൻ മരത്തിൽ കയറിയത്.
നെറ്റ്വർക്ക് ലഭിക്കാൻ സമീപപ്രദേശങ്ങളിൽ ഫോണുമായി കറങ്ങി നടന്നെങ്കിലും ക്ലാസുകളുടെ ദൈർഘ്യം കൂടിയപ്പോൾ അത് ബുദ്ധിമുട്ടായി. തുടർന്നാണ് പറന്പിലെ തന്നെ മരത്തിന്റെ മുകളിൽ ശ്യാം റേഞ്ചിന്റെ സാന്നിധ്യം കണ്ടെത്തിയത്.
ദിവസേന രണ്ടുമൂന്നു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളിൽ സ്ഥിരമായി പങ്കെടുക്കേണ്ടതായി വന്നപ്പോൾ മരക്കൊന്പിൽ ഇരിക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു.
വീട്ടുകാരുടെ സഹായത്തോടെ മരക്കൊന്പിൽ ഇല്ലിയും മരച്ചില്ലകളും ഉപയോഗിച്ച് താത്ക്കാലിക പാർപ്പിടം ഒരുക്കി പഠനം തുടരുകയാണ്.
മൊബൈൽ ഫോണിന് റെയിഞ്ച് ഇല്ലാതെ ബുദ്ധിമുട്ട് നേരിടുന്ന നിരവധി വിദ്യാർഥികൾ മേഖലയിലുണ്ട്.
ക്ലാസ് തുടങ്ങിയതിനുശേഷം മേഖലയിലെ പല വിദ്യാർഥികളും ബന്ധുവീടുകളിലും തേയിലത്തോട്ടങ്ങളിലും മല മുകളിലും എത്തിയാണ് ക്ലാസുകളിൽ പങ്കെടുക്കുന്നത്.