തൃശൂർ: കഴിഞ്ഞ ഓണക്കാലത്ത് എക്സൈസ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പിടികൂടിയ 1000 ലിറ്റർ സ്പിരിറ്റ് 1240 ലിറ്റർ സാനിറ്റൈസറാക്കി ജില്ലയിലെ പ്രധാന ആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും സൗജന്യമായി നൽകി തൃശൂർ എക്സൈസ്.
സാനിറ്റൈസർ വിതരണത്തിനായി ജില്ലാ കളക്ടർ എസ്. ഷാനവാസ് ഡെപ്യൂട്ടി ഡിഎംഒ കെ.എൻ. സതീഷിനു കൈമാറി. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി.എ. സലിം, എക്സൈസ് വിമുക്തി കോഓർഡിനേറ്റർ കെ.കെ. രാജു, റെജി ജിയോ തോമസ് എന്നിവർ പങ്കെടുത്തു.
എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിനിടെയാണ് എക്സൈസ് 1000 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. തുടർന്നു കോടതി നടപടികൾക്കുശേഷം ജില്ലാ ഭരണകൂടത്തിന്റെ ശിപാർശയിൽ എക്സൈസ് കമ്മീഷണർ ഈ 1000 ലിറ്റർ സ്പിരിറ്റ് സാനിറ്റൈസർ ആക്കാൻ നിർദേശിക്കുകയായിരുന്നു.
കുട്ടനെല്ലൂരിലെ സ്വകാര്യ ഫാർമസ്യൂട്ടിക്കലിന്റെ സഹായത്തോടെയാണ് സ്പിരിറ്റിനെ 1240 ലിറ്റർ സാനിറ്റൈസറാക്കി മാറ്റിയത്.
സാനിറ്റൈസർ ജില്ലയിലെ രണ്ട് ജനറൽ ആശുപത്രികൾ, രണ്ടു ജില്ലാ ആശുപത്രികൾ, ആറ് താലൂക്ക് ആശുപത്രികൾ, 25 സിഎച്ച്സികൾ, 79 പിഎച്ച്സികൾ, ജില്ലയിലെ സിഎഫ്എൽടിസികൾ എന്നിവയ്ക്കാണ് വിതരണം ചെയ്യുക.