സ്വന്തം ലേഖകന്‍
കോഴിക്കോട്: യുവതിക്ക് ഫ്ളാറ്റ് എടുത്ത് നല്‍കിയതിന് സസ്പന്ഷന് നടപടി നേരിടുകയും ഇപ്പോള്‍ ലിവിംഗ് ടുഗെദര്‍ ആരോപിച്ചുള്ള വേട്ടയാടലിന് ഇരയാവുകയും ചെയ്ത പോലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍.
ഫറോഖ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വളളിക്കുന്നാണ് പോലീസിലെ ‘നായാട്ടിനെതിരേ’ ഫേസ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കിയത്.
രണ്ട് മാസത്തിനുള്ളില്‍ ഉമേഷിനെതിരേയുള്ള അച്ചടക്ക നടപടികളെല്ലാം ഉള്‍പ്പെടുത്തി വാക്കാലന്വേഷണം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് ട്രാഫിക് നോര്‍ത്ത് അസി.കമ്മീഷണര്‍ പി.കെ.രാജുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇത് പുറത്താക്കലിന് മുന്നോടിയായുള്ള നടപടിയാണെന്നാണ് ഉമേഷ് പറയുന്നത്. മൊഴിയില്‍ കൃത്രിമം കാണിച്ചുകൊണ്ടാണ് അന്വേഷണം പൂര്‍ത്തീകരിച്ചത്.
കൂടാതെ സേനയിലെ അച്ചടക്ക നടപടി ക്രമമനുസരിച്ച് ആരോപണ വിധേയനായ വ്യക്തിയുടെ വിശദീകരണം വാങ്ങണം. അതിന് ശേഷമേ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവൂ.
ഇപ്രകാരം റിപ്പോര്‍ട്ട് ലഭിച്ചാല്‍ പകര്‍പ്പ് സഹിതം കമ്മീഷണര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയക്കണം. ഇതൊന്നുമില്ലാതെയാണ് നടപടി സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നിലപാട് പരസ്യമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റ്: സദാചാര വേട്ടയുടെ തുടര്ച്ചയായികാത്തിരുന്ന ഒരു ഐറ്റം മാത്രമാണ് ഇത് എന്ന് എല്ലാവരും തിരിച്ചറിയുന്നു എന്നതും വലിയ സന്തോഷമാണ്. സസ്പെന്ഷന് വന്ന കഴിഞ്ഞ സെപ്തംബറില്‍ തന്നെ ഇത് പ്രതീക്ഷിച്ചിരുന്നു.
ആ സമയത്ത് നല്കിയ ഇന്റര്‍വ്യൂകളിലൊക്കെ അവരുടെ ലക്ഷ്യം ഇതാണെന്ന് കൃത്യമായി പറഞ്ഞിരുന്നു. അത് കൊണ്ട് നമുക്കിതില്‍ ഞെട്ടലോ, പുതുമയോ, ആശങ്കയോ ഇല്ല.
“പണി പോകുമോ’ എന്ന് ചോദിച്ചാല്‍ ‘ഇല്ല’ എന്ന് തന്നെ നിസംശയം പറയാന്‍ കഴിയും. പക്ഷേ ‘നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും’ എന്ന പഴഞ്ചൊല്ല് പോലെ ഒരു ഉത്തരവിന്റെ പുറത്ത് ചിലപ്പോള്‍ കുറച്ചു നാള് പുറത്തു നില്‍ക്കേണ്ടി വരും.
കുറച്ചു മാസങ്ങള്‍, കൂടിപ്പോയാല്‍ കുറച്ചു വര്‍ഷങ്ങള്‍. അതിനു ഇപ്പോഴേ മാനസികമായി തയാറാണ് . അങ്ങനെയാകുമ്പോള്‍ ജീവിക്കാന്‍ ശമ്പളം വേണ്ടേ എന്നാണ് ചോദ്യം വരിക. അതിന് നിസാറിന്റെ കൂടെ പെയിന്റിംഗ് പണിക്കു പോകുന്ന കാര്യം പറഞ്ഞ് ഏര്‍പ്പാടാക്കിയിട്ടുണ്ട്.
യോഷര് ബ്രോയുടെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യാം, സഫ്ദറിന്റെ പരസ്യക്കമ്പനിയില്‍ അസോസിയേറ്റ് ചെയ്യാം. ഇത് മൂന്നും ഉറപ്പുള്ള തൊഴില്‍ സാധ്യതകളാണ്. സാഹചര്യമനുസരിച്ചു,
പൈസക്ക് ആവശ്യം വരുമ്പോള്‍ ചെയ്യാം. പൈസയ്ക്ക് അത്ര അത്യാവശ്യമില്ലാത്ത സാഹചര്യമാണെങ്കില്‍ നമുക്ക് കുറച്ച് എഴുത്തു പണികള്‍ ചെയ്യാം.’മറുപടികള്‍’ എന്ന പേരില്‍ പ്ലാന്‍ ചെയ്യുന്ന ‘ചെറുത്ത് നില്‍പ്പിന്റെ പുസ്തകം’ സര്‍ക്കാര്‍ അനുമതി തേടാതെ തന്നെ ഇറക്കാം.
നമുക്കെതിരെ അധികാരവും നിയമവും ദുരുപയോഗപ്പെടുത്തിയ ചിലര്‍ക്കെതിരെ കോടതി നടപടികള്‍ വേണ്ടി വരും . അത് സംസ്ഥാനത്തെ ഏറ്റവും മികച്ച വക്കീലന്മാര് നടത്തിക്കൊള്ളും.
ഇതൊക്കെ കഴിഞ്ഞ് സര്‍വീസില്‍ തിരിച്ചു കേറിയാലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ 56 വയസ് വരെ പോലീസുകാരനായി തുടരണമെന്ന് യാതൊരു നിര്‍ബന്ധമോ ആഗ്രഹമോ ഇല്ല.
അതിനു മുന്‍പേ വേറെ വഴിക്കു വിടാനാണ് സാധ്യത. നമ്മള് പോലീസില്‍ ജോലി ചെയ്യാന്‍ വേണ്ടി ജനിച്ചവരല്ല.
ജോലി ചെയ്യാന്‍ വേണ്ടി ജീവിക്കുകയല്ല, ജീവിക്കാന്‍ വേണ്ടി ജോലി ചെയ്യുകയാണ് വേണ്ടത് എന്നാണ് വിശ്വസിക്കുന്നത്. പക്ഷേ, നമുക്കിട്ടു പണിയുന്ന ആശാന് സര്‍വീസില്‍ നിന്ന് പോയി ഒരു ദിവസമെങ്കിലും കഴിഞ്ഞിട്ടേ നമ്മള് പോകൂ എന്ന് മാത്രം.
എന്തുകൊണ്ടെന്നാല്‍ , നമ്മള് കൈക്കൂലി വാങ്ങുകയോ, അഴിമതി നടത്തുകയോ, അനധികൃതമായി സ്വത്ത് സമ്പാദിക്കുകയോ, മനുഷ്യനെ ഉരുട്ടിക്കൊല്ലുകയോ, വ്യാജരേഖയുണ്ടാക്കുകയോ, കേസ് ഡയറിയിലെ പേജ് കീറുകയോ, അര്‍ഹതപ്പെട്ടവരുടെ സംവരണം തട്ടിയെടുക്കുകയോ ചെയ്തിട്ടില്ല എന്നതിനാല്‍’.