മാന്നാർ: വ്യാജമദ്യം വിൽക്കുകയും വാങ്ങുകയും ചെയ്ത രണ്ടു പേർകൂടി മാന്നാർ പോലീസ് പിടിയിലായി. കഴിഞ്ഞ ദിവസം രാത്രി നടന്ന പരിശോധനയ്ക്കിടയിൽ പോലീസിനെ കണ്ടു കൊണ്ട് കൈവശമുണ്ടായിരുന്ന ഒരു ലിറ്റർ വാറ്റുചാരായം ഉപേക്ഷിച്ച് ഓടിയ പന്തളം തെക്കേക്കര ഭാഗവതിക്കും പടിഞ്ഞാറു കമലാലയം വീട്ടിൽ പ്രജേഷ് നാഥ് (39) ചാരായം വില്പന നടത്തിയ തൃപ്പെരുംതുറ കിഴക്കേവഴി ചിറത്തല വീട്ടിൽ മിനി, (44) എന്നിവരാണ് പിടിയിലായത്.
ചെന്നിത്തലയിൽ ഇറച്ചിക്കോഴി കട നടത്തി വരുന്ന മിനി ഇതിനു മുന്പ് 2015ൽ സമാന കേസിൽ മാന്നാർ പോലീസ് പിടികൂടിയിട്ടുള്ള ആളാണ്. ഇറച്ചിക്കോഴി വില്പനയുടെ മറവിലാണ് വാറ്റ് ചാരായ വില്പന നടത്തി വന്നത്.
ഒരാഴ്ചയ്ക്ക് മുന്പ് പോലീസ് നടത്തിയ പരിശോധനയിൽ മിനി രക്ഷപ്പെട്ടുവെങ്കിലും പോലീസ് വ്യാജ മദ്യ വില്പനയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അത് ഉൾപ്പെടെയുള്ള കേസിലാണ് മിനിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇൻസ്പെക്ടർ എസ്. നുമാന്റെ നേതൃത്വത്തിൽ എസ്ഐ ഷെബാബ്, എസ്ഐ ജോൺ തോമസ്, സീനിയർ സിപിഒമാരായ പ്രമോദ്, ജഗദീഷ്, സിപിഒമാരായ വിഷ്ണുപ്രസാദ്, സിദ്ദിഖ് ഉൾ അക്ബർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.