ന്യൂഡൽഹി: തലമുറമാറ്റം ഉണ്ടാകാതെയുള്ള തലമാറ്റം. കെപിസിസി പ്രസിഡന്റായി 73 വയസുള്ള മുതിർന്ന നേതാവ് കെ. സുധാകരനെ നിയമിച്ചതോടെ പാർട്ടിയുടെ തലപ്പത്തു വലിയ മാറ്റത്തിനു മോഹിച്ച ഹൈക്കമാൻഡിന്റെയും യുവനേതാക്കളുടെയും പ്രതീക്ഷകൾ ഫലത്തിൽ പാഴായി.
പദവികൾ നേടാൻ ഗ്രൂപ്പു മതിയാകില്ലെന്ന വ്യക്തമായ സന്ദേശവും മുല്ലപ്പള്ളിക്കു പിന്നാലെ കണ്ണൂരിൽനിന്നു തന്നെയുള്ള സുധാകരന്റെ നിയമനത്തിലുണ്ട്.
ചരിത്രത്തിലും നിയമത്തിലും ബിരുദാനന്തര ബിരുദമുള്ള കണ്ണൂരിന്റെ തീപ്പൊരി നേതാവിന് ചരിത്രനിയോഗമാണ് കെപിസിസി പ്രസിഡന്റെന്ന പുതിയ സ്ഥാനലബ്ദി.
യുവത്വം മാത്രം പോരാ, പരിചയസന്പത്തും കരുത്തും സീനിയോറിറ്റിയും ഉണ്ടെങ്കിലേ കോണ്‍ഗ്രസിനെ മുന്നോട്ടു നയിക്കാനാകൂ എന്ന പൊതുവിലയിരുത്തൽ സുധാകരന് അനുകൂലമായി.
കെപിസിസിയുടെ നിലവിലെ വർക്കിംഗ് പ്രസിഡന്റും കണ്ണൂരിന്റെ എംപിയുമായ സുധാകരൻ, 2009ലും ഇതേ മണ്ഡലത്തിൽ ജയിച്ചിരുന്നു. 1992 മുതൽ എംപി ആകുന്നതു വരെ കണ്ണൂരിൽനിന്നുള്ള നിയമസഭാംഗമായിരുന്ന ഇദ്ദേഹം 2001 മുതൽ 2004 വരെ സംസ്ഥാനത്തെ വനം, സ്പോർട്സ് മന്ത്രിയുമായിരുന്നു.
സിപിഎമ്മിനെ നേരിടാൻ സുധാകരന്റെ കണ്ണൂർ ശൈലി സഹായിക്കുമെന്ന തോന്നൽ കോണ്‍ഗ്രസിൽ ശക്തമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനോടും കേഡർ പാർട്ടിയായ സിപിഎമ്മിനോടും പോരാടാൻ സുധാകരനുള്ള പ്രത്യേക മെയ്വഴക്കവും വായ്മൊഴി വഴക്കവും ഇല്ലാതെ പറ്റില്ല.
വയനാടിന്റെ എംപി കൂടിയായ രാഹുൽ ഗാന്ധിക്ക് പാർലമെന്റിലെ സഹപ്രവർത്തകനായ കണ്ണൂരിലെ ജനപ്രിയ നേതാവുമായുള്ള അടുപ്പം പുതിയ നിയമനത്തിൽ നിർണായകമായി.
ഗ്രൂപ്പുകളുടെ അതിപ്രസരം അവസാനിപ്പിക്കുകയെന്ന വ്യക്തമായ സന്ദേശം പുതിയ പിസിസി അധ്യക്ഷ നിയമനത്തിലുണ്ട്. അർഹരെ തഴയാനും താഴെത്തട്ടിൽ പാർട്ടി നിർജീവമാകാനും ഗ്രൂപ്പുകളുടെ വീതംവയ്പാണു കാരണമായതെന്ന കണ്ടെത്തലും നിർണാകയമായി.
ഗ്രൂപ്പുകൾ തമ്മിൽ വീതംവച്ചു സ്ഥാനമാനങ്ങൾ ചിലരിൽ മാത്രം ഒതുക്കുന്ന രീതി തുടരുന്നത് ആത്മഹത്യാപരമാകുമെന്നു കേരളത്തിലെ പല നേതാക്കളും മുന്നറിയിപ്പു നൽകിയിരുന്നു.
എ, ഐ ഗ്രൂപ്പുകൾ പരസ്യമായി അംഗീകരിക്കുന്പോഴും പിന്നാന്പുറത്ത് അസംതൃപ്തി പുകയുമോയെന്ന ആശങ്കയും ഹൈക്കമാൻഡിനുണ്ട്. എങ്കിലും ഗ്രൂപ്പുകൾക്കു വഴങ്ങേണ്ടതില്ലെന്ന ഉറച്ച നിലപാടാണു ദേശീയ നേതൃത്വം സ്വീകരിച്ചത്.
ഗ്രൂപ്പു നടത്തിപ്പുകാരുടെയും മുതിർന്ന നേതാക്കളുടെയും അമർഷവും അതൃപ്തിയും നീരസവും മറികടന്നാണു സുധാകരന്റെ നിയമനം.
വി.എം. സുധീരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും മുന്‍പു ഗ്രൂപ്പു നോക്കാതെ പിസിസി അധ്യക്ഷന്മാരാക്കിയെങ്കിലും ഗ്രൂപ്പുകൾക്കു തന്നെയായിരുന്നു പാർട്ടിയിൽ ആധിപത്യം.
ഗ്രൂപ്പിനെ മറികടന്നു പ്രവർത്തിക്കാൻ കഴിയാത്ത നില സൃഷ്ടിച്ചതിൽ സുധീരനും മുല്ലപ്പള്ളിയും അസംതൃപ്തരുമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു കാരണങ്ങൾ പലതുണ്ടെങ്കിലും മൂന്നു നേതാക്കളും ചേർന്നാണു ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതെന്നതു പലരും മറക്കുന്നതു നന്ദികേടാണെന്നു ഇവർ ചൂണ്ടിക്കാട്ടി.
പാർട്ടിക്കുവേണ്ടി രാപകലില്ലാതെ പ്രയത്നിച്ച ഉമ്മൻ ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി ത്രയത്തെ പാടെ തഴയാമെന്നതു വ്യാമോഹം മാത്രമാകുമെന്നും ചില നേതാക്കൾ തുറന്നടിച്ചു.
ഗ്രൂപ്പുകളെ മെരുക്കുകയെന്നതും ബൂത്ത് തലം മുതൽ ഡിസിസി, പിസിസി തലം വരെ സംഘടനയെ ഉടച്ചുവാർക്കുകയെന്നതുമാകും സുധാകനു മുന്നിലുള്ള വലിയ വെല്ലുവിളി. സംഘടനാ തലത്തിൽ ശക്തമാകാതെ സിപിഎമ്മിനെയും എൽഡിഎഫിനെയും നേരിടാൻ കഴിയില്ല.
ബിജെപിയെ നേരിടാൻ കോണ്‍ഗ്രസിനേക്കാൾ മെച്ചം സിപിഎമ്മും എൽഡിഎഫുമാണെന്ന തോന്നൽ മറികടക്കുകയെന്നതും സുധാകരനു മുന്നിലുള്ള വലിയൊരു വെല്ലുവിളിയാണ്.
എന്നാൽ പ്രായവും മുട്ടുവേദന അടക്കമുള്ള ചില ആരോഗ്യ പ്രശ്നങ്ങളും സുധാകരന്റെ പഴയപോലുള്ള ഉശിരൻ പ്രവർത്തനത്തിനു തടസമായേക്കാം.
കേരളത്തിലെ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം അടിമുടി ഉടച്ചുവാർക്കുകയും പാർട്ടിയെ ഉൗർജസ്വലമാക്കുകയുമാണു പുതിയ പിസിസി പ്രസിഡന്റിന്റെ ആദ്യ ദൗത്യം.
സമഗ്രമായ സംഘടനാ തെരഞ്ഞെടുപ്പു നടത്തുകയെന്നതു ബാലികേറാമലയാണെങ്കിലും ബൂത്തു തലം മുതൽ തെരഞ്ഞെടുപ്പുകൾ നടത്താതെ പാർട്ടിക്കു രക്ഷയില്ല.
ഗ്രൂപ്പു സമവാക്യങ്ങളെ മറികടന്നു പാർട്ടി കമ്മിറ്റികളിൽ തെരഞ്ഞെടുപ്പുകൾ നടത്തിയാലും ഡിസിസി, പിസിസി തലത്തിൽ ഗ്രൂപ്പുകളുടെ മേധാവിത്വം അവസാനിപ്പിക്കാൻ കഴിഞ്ഞേക്കില്ല.
2024 മേയിൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുകയെന്നതാകും സുധാകരനു മുന്നിലുള്ള വലിയ വെല്ലുവിളി. 2019ലേതു പോലെ 20ൽ 19 സീറ്റും യുഡിഎഫ് നേടുകയെന്നത് ഏതാണ്ട് അസാധ്യമാകും.
എന്നാൽ നിലവിലുള്ളതിൽ പകുതിയിലേറെ സീറ്റുകളെങ്കിലും നിലനിർത്തുകയെന്നത് അനിവാര്യമാണ്. കേന്ദ്രത്തിൽ നരേന്ദ്ര മോദി ഭരണം അവസാനിപ്പിച്ച് 2024ലെങ്കിലും ബദൽ മന്ത്രിസഭയ്ക്കും സാധ്യത ഉണ്ടാകണമെങ്കിൽ കേരളത്തിലെ ഓരോ സീറ്റും പ്രധാനമാണ്.
നിർണായക തെരഞ്ഞെടുപ്പുകളിലെ അനിവാര്യ വിജയത്തിനായി പാർട്ടിയിൽ പുതിയ ഉണർവുണ്ടാക്കാൻ കണ്ണൂരിന്റെ തീപ്പൊരി നേതാവിനു കഴിയുമെന്നാണു ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. കോണ്‍ഗ്രസ് പ്രവർത്തകരുടെയും പ്രതീക്ഷയ്ക്കൊത്തുയരാൻ സുധാകരന് ഏറെ വിയർപ്പൊഴുക്കേണ്ടി വന്നേക്കാം.