തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ കണ്ടെടുത്ത പണം തിരികെ കിട്ടാൻ കോടതിയെ സമീപിച്ച് പരാതിക്കാരൻ ധർമരാജൻ. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് ധർമരാജൻ ഹർജി സമർപ്പിച്ചത്.
കവർച്ചക്കാരിൽനിന്നും കണ്ടെടുത്ത 1.40 കോടിയും കാറും തിരികെ കിട്ടണമെന്നും ഇതിന്റെ രേഖകളുണ്ടെന്നും കാണിച്ചാണ് ഹർജി. മജിസ്ട്രേട്ടിന്റെ വീട്ടിലെത്തിയാണ് ഹർജി കൈമാറിയത്. ഹർജിയുടെ കോപ്പി കോടതി പോലീസിനു കൈമാറി.
നേരത്തേ പ്രത്യേക അന്വേഷണസംഘത്തോടു പറഞ്ഞ കാര്യങ്ങളിൽ പലതും ഇപ്പോൾ ധർമരാജൻ മാറ്റിപ്പറയുന്നുണ്ട്.
പണം തന്റെയും യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കിന്റേതുമാണെന്നും മറ്റാർക്കും ഇതിൽ അവകാശമില്ലെന്നുമാണ് വാദം.
ഡൽഹിയിലെ ബിസിനസ് ആവശ്യത്തിനു നൽകിയ പണമാണിതെന്നും അപേക്ഷയിൽ പറയുന്നു. തങ്ങൾ തമ്മിൽ റിയൽ എസ്റ്റേറ്റിന്റെയും മറ്റും ഇടപാടുണ്ടെന്ന് ഇരുവരും നേരത്തേ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പുകാലമായതിനാലും പണം കൊണ്ടുപോകുന്നതിൽ നിയന്ത്രണമുള്ളതിനാലുമാണ് 25 ലക്ഷമാണ് നഷ്ടപ്പെട്ടതെന്നു പോലീസിൽ പരാതി നൽകിയതെന്നും ധർമരാജൻ അപേക്ഷയിൽ പറയുന്നു.
ധർമരാജൻ കോടതിയെ സമീപിച്ചതോടെ കൊടകര കുഴൽപ്പണക്കേസിൽ അപ്രതീക്ഷിത ട്വിസ്റ്റാണുണ്ടായിരിക്കുന്നത്.