പാരീസ്: ഇരുപത്തിമൂന്നുകാരിയായ തമാറ സിദാൻഷെക് ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിൾസിൽ ചരിത്രം കുറിച്ചു. ക്വാർട്ടറിൽ സ്പെയിനിന്റെ പൗല ബഡോസയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയതോടെയാണ് ഈ സ്ലൊവേനിയക്കാരി ചരിത്രത്തിന്റെ ഭാഗമായത്.
ഒരു ഗ്രാൻസ്ലാം സെമിയിൽ പ്രവേശിക്കുന്ന ആദ്യ സ്ലൊവേനിയൻ വനിത എന്ന റിക്കാർഡാണ് തമാറ കുറിച്ചത്. ലോക 85-ാം നന്പർ താരമായ തമാറ 7-5, 4-6, 8-6ന് ക്വാർട്ടറിൽ വെന്നിക്കൊടി പാറിച്ചു.
ഇന്നു നടക്കുന്ന മറ്റു ക്വാർട്ടർ പോരാട്ടങ്ങളിൽ എട്ടാം സീഡായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് 17-ാം സീഡായ ഗ്രീക്ക് താരം മരിയ സക്കാരിയെ നേരിടും.
നിലവിലെ സിംഗിൾസ് ചാന്പ്യനാണ് ഷ്യാങ്ടെക്. സോഫിയ കെനിനെ അട്ടിമറിച്ചാണ് സക്കാരി അവസാന എട്ടിൽ എത്തിയത്. അമേരിക്കയുടെ കൊക്കൊ ഗഫും ചെക് റിപ്പബ്ലിക്കിന്റെ ബാർബറ ക്രെജെസികോവയും തമ്മിലാണ് ഇന്ന് നടക്കുന്ന മറ്റൊരു വനിതാ ക്വാർട്ടർ.