എടത്വ: സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ചാരായം വാറ്റിനല്‍കുന്ന സംഘം എടത്വ പോലീസിന്റെ പിടിയില്‍.എടത്വ മങ്കോട്ടചിറ മണലേല്‍ സനോജ് (34), മങ്കോട്ടചിറ അനീഷ് ഭവനില്‍ അനീഷ് കുമാര്‍ (35), മങ്കോട്ടചിറ കവീന്‍ (33) എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം കോയില്‍മുക്ക് ജംഗ്ഷന് സമീപം സ്കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെ പിടികൂടിയ സന്നദ്ധ പ്രവര്‍ത്തകരും, യുവജന സംഘടനാ പ്രവര്‍ത്തകരുമായ എടത്വ കളപ്പുരയ്ക്കല്‍ചിറ ശ്യംരാജ് (33), ചങ്ങങ്കരി മെതിക്കളം ശ്രീജിത്ത് എം.കെ (30) എന്നിവരില്‍നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാറ്റ് കേന്ദ്രം റെയ്ഡ് ചെയ്ത് മൂന്നംഗ സംഘത്തെ പിടികൂടിയത്.
വിവിധ രാഷ്ട്രീയ യുവജന സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരടക്കം ഒളിവിലാണ്. കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവിലാണ് മദ്യ വില്‍പ്പന നടത്തിയിരുന്നത്.
കോവിഡ് പ്രതിരോധ പോസ്റ്ററുകള്‍ പതിച്ച വാഹനത്തില്‍ കോവിഡ് ജാഗ്രതാ സമതി പ്രവര്‍ത്തകരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ചാണ് കുട്ടനാട്ടിലെ വിവിധ മേഖലകളില്‍ മദ്യം എത്തിക്കുന്നത്. എടത്വ സിഐ പ്രതാപചന്ദ്രന്, എസ്ഐ ഷാംജി, സിപിഒമാരായ വിഷ്ണു, സനീഷ്, ശ്യം, പ്രേംജിത്ത് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.