കോഴഞ്ചേരി: മാരാമൺ ചിറയിറമ്പിൽ ഫാമിലെ 20000 കരിമീനുകൾ ചത്തു പൊങ്ങി. ലക്ഷങ്ങളുടെ നഷ്ടം.
ആറന്മുള എൻഎസ്റ്റിസി ഉടമ ആന്റണി കുര്യന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് കരിമീനുകൾ കുട്ടത്തോടെ ചാകാൻ ഇടയാക്കിയതെന്നു പറയപ്പെടുന്നു.
രണ്ടേക്കർ ഫാമിൽ 40 സെന്റിലാണ് മത്സ്യകൃഷി. ഒരു വർഷം പ്രായമായ കരിമീനുകൾ 250 മുതൽ 350 ഗ്രാം വരെ തൂക്കമുള്ളതായിരുന്നു. 10 രൂപ നിരക്കിൽ വാങ്ങിയ കരിമീൻ കുഞ്ഞുങ്ങൾ സാമാന്യം വളർച്ച എത്തിയിരുന്നു.
കരിമീൻ കൃഷിക്ക് ഇതേവരെ 9.5 ലക്ഷം രൂപ ചെലവായതായി ആന്റണി പറഞ്ഞു. നിലവിലെ വിലയ്ക്ക് 22 ലക്ഷം രൂപ ലഭിക്കാമായിരുന്നതാണ്.
നഷ്ടപരിഹാരത്തിനായി ഫിഷറീസ് വകുപ്പിനെ സമീപിച്ചിട്ടുണ്ട്. ആദ്യ കൃഷിയും വൻ നഷ്ടത്തിലായിരുന്നുവെന്ന് ഉടമ പറഞ്ഞു.