രാജീവ് ഡി പരിപണം
കൊല്ലം :ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവിൽവരും. ജൂലൈ 31 അര്‍ദ്ധരാത്രി വരെ 52 ദിവസം നടപ്പിലാക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി.
മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനത്തോട് മുന്‍വര്‍ഷങ്ങളില്‍ എന്നപോലെ മത്സ്യത്തൊഴിലാളികള്‍ സഹകരിക്കും.
കൊല്ലത്ത് ഇന്ന് സന്ധ്യയോടെ ട്രോളിംഗ് ബോട്ടുകള്‍ എല്ലാം നീണ്ടകര പാലത്തിന്റെ കിഴക്ക് വശത്തേക്ക് മാറ്റി പാലത്തിന്റെ സ്പാനുകള്‍ തമ്മില്‍ ചങ്ങലയിട്ട് ബന്ധിപ്പിക്കും. തീരദേശത്തെ എല്ലാ ഡീസല്‍ ബങ്കുകളും അടച്ചിടും.
നിരോധനം ബാധകമല്ലാത്ത ഇന്‍ ബോര്‍ഡ് വള്ളങ്ങൾ, മറ്റു ചെറിയ യാനങ്ങള്‍ തുടങ്ങിയവയ്ക്ക് മത്സ്യബന്ധനത്തിന് പോകുന്നതിന് ശക്തികുളങ്ങരയിലെയും നീണ്ടകരയിലെയും മത്സ്യഫെഡ് ബങ്കുകളും അഴീക്കല്‍ ഭാഗത്ത് മുന്‍വര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ബങ്കുകളും പ്രവര്‍ത്തിക്കും. വള്ളങ്ങളുടെ മത്സ്യം വില്‍ക്കുന്നതിന് വേണ്ടി നീണ്ടകര ഹാര്‍ബര്‍ തുറക്കും.
മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിംഗിനും ആയി നീണ്ടകരയിലും അഴീക്കലും കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
കടല്‍ സുരക്ഷാ സ്ക്വാഡിന്റെയും മറൈന്‍ പോലീസിന്റെയും സേവനം 24 മണിക്കൂറും ഉറപ്പാക്കിയിട്ടുണ്ട്. കോസ്റ്റല്‍ പോലീസിന്റെ സ്പീഡ് ബോട്ടും സജ്ജമാണ്.
ഇതരസംസ്ഥാന ബോട്ടുകള്‍ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ തീരം വിട്ട് പോയിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോയിട്ടുള്ള ബോട്ടുകൾ മിക്കതും വൈകുന്നേരം നാലിന് മുന്‍പ് തിരിച്ചെത്തും.
ട്രോളിംഗ് നിരോധനത്തിന് മുമ്പ് കടലില്‍ പോയ ബോട്ടുകളില്‍ 48 മണിക്കൂറിനുള്ളില്‍ തിരിച്ചുവരുന്നവയ്ക്ക് ശക്തികുളങ്ങര ഹാര്‍ബറില്‍ മത്സ്യം ഇറക്കി വിപണനം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.