കോട്ടയം: കോവിഡ് നിയന്ത്രണം നിലനില്‍ക്കെ കോട്ടയത്തുനിന്നു കെഎസ്ആര്‍ടിസി ഇന്നലെ രാവിലെ 6.30നു തിരുവനന്തപുരത്തേക്കും 7.30ന് കോഴിക്കോട്ടേക്കും സ്പെഷല്‍ സര്‍വീസ് നടത്തി.
ഈ സര്‍വീസുകള്‍ ഇന്നും തുടരും.അതേ സമയം ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ബസ് സര്‍വീസ് പുനരാരംഭിച്ച കെഎസ്ആര്‍ടിസിയുടെ തീരുമാനം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നില്ലെന്ന് ആക്ഷേപമുണ്ട്.
സര്‍വീസ് തുടങ്ങിയ ആദ്യ ദിനമായ ഇന്നലെ യാത്രക്കാര്‍ തീരെ കുറവായിരുന്നു. ലോക്ഡൗണ്‍ 16 വരെ നീട്ടിയ സാഹചര്യത്തില്‍ പെട്ടെന്ന് സര്‍വീസ് ആരംഭിക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു.
ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് ഇല്ല. ഇതോടെ ലോക്ഡൗണ്‍ അവസാനിക്കുന്നതിനു മുമ്പ് വെറും അഞ്ചു ദിവസം മാത്രമാണ് സര്‍വീസ് നടത്താന്‍ ലഭിക്കുന്നത്.
സര്‍വീസ് ആരംഭിക്കുന്നതില്‍ ആരോഗ്യ വകുപ്പും നേരത്തെ ആശങ്ക അറിയിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി കഴിഞ്ഞ മേയ് എട്ടിനാണ് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ അടക്കം പൊതുഗതാഗത സംവിധാനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
വിവിധ ഡിപ്പോകളില്‍നിന്ന് ഏതാനും ബസുകള്‍ ഇന്നും കോട്ടയത്ത് എത്തിയെങ്കിലും യാത്രക്കാര്‍ നന്നേ കുറവായിരുന്നു. കട്ടപ്പന, കുമളി തുടങ്ങി റൂട്ടുകളിലേക്ക് അന്വേഷണമുണ്ടായെങ്കിലും ബൈ റൂട്ടുകളില്‍ സര്‍വീസ് തുടങ്ങാന്‍ അനുമതിയായിട്ടില്ല.
ഒരു സീറ്റില്‍ ഒരാള്‍ക്കു മാത്രം ഇരിക്കാനാണ് അനുമതി. യാത്രാരേഖകള്‍ കൈവശമുണ്ടായിരിക്കണം.സ്ഥിരം യാത്രക്കാരായ ജീവനക്കാര്‍ക്കായി കെഎസ്ആര്‍ടിസി പാലാ, ഈരാറ്റുപേട്ട ഡിപ്പോകളില്‍നിന്നായി ഏതാനും സര്‍വീസുകള്‍ ആരംഭിച്ചു.
കോട്ടയം, വൈക്കം, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ദിവസേന ഓരോ സര്‍വീസാണ് ആരംഭിച്ചത്.
ഈരാറുപേട്ടയില് നിന്നും രാവിലെ ഏഴിനും എട്ടിനും കോട്ടയത്തിനും പാലായില്‍നിന്നും രാവിലെ എട്ടിനു വൈക്കത്തിനും ഏഴിന് എറണാകുളത്തിനും സര്‍വീസുണ്ട്.
പാലായില്‍നിന്നും രാവിലെ ആറിന് തിരുവന്തപുരത്തിനും എട്ടിന് കോഴിക്കോടിനും സര്‍വീസ് ആരംഭിച്ചു.ചങ്ങനാശേരിയില്‍നിന്നും രാവിലെ ഏഴിനുള്ള ഹൈക്കോടതി സര്‍വീസ് മാത്രമേ ആരംഭിച്ചുള്ളു.
കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലേക്ക് സ്പെഷല്‍ സര്‍വീസുമുണ്ട്. പൊന്‍കുന്നം ഡിപ്പോയില്‍നിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചിട്ടില്ല.
ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഒരു സര്‍വീസ് മാത്രമേയുള്ളു. അത്യാവശ്യവിഭാഗങ്ങളും ബാങ്കുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളും പ്രവര്‍ത്തനം ആരംഭിച്ചതോടെ പൊതുഗതാഗതം ഇല്ലാത്തത് യാത്രാപ്രശ്നം സൃഷ്ടിച്ചിരുന്നു.
വിദ്യാഭ്യാസവകുപ്പ് പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പുകളും ആരംഭിച്ചിരുന്നു. 17 മുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ പൂര്‍ണമായി തുടങ്ങാനാണു തീരുമാനം. കെഎസ്ആര്‍ടിസി വെബ് സൈറ്റില്‍ നിലവിലുള്ള സര്‍വീസുകള്‍ നോക്കി സീറ്റ് മുന്‍കൂര്‍ റിസര്‍വ് ചെയ്യാനാകും.