പത്തനംതിട്ട: ജില്ലയിൽ പ്രളയ ബാധിതർക്ക് വിതരണംചെയ്യാൻ മുസ്്ലിംലീഗ് സംസ്ഥാന കമ്മിറ്റി നൽകിയ 11. 50 ലക്ഷം രൂപയുടെ ദുരിതാശ്വാസനിധിയിൽ 7.50 ലക്ഷം രൂപയും തിരിമറി നടത്തിയെന്ന ആരോപണവുമായി സ്വതന്ത്ര കർഷകസംഘം നേതാവ് എം. മുഹമ്മദ് സാലി.
പ്രളയ ഫണ്ട് അഴിമതി സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകി ഒന്നരവർഷം കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് അംഗത്വവും സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവച്ചതായും മുഹമ്മദ് സാലി അറിയിച്ചു. തുടർന്ന് എൻസിപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2018ലെ പ്രളയബാധിത ജില്ലകളിൽ ഏറ്റവും ദുരിതം നേരിട്ട ജനങ്ങൾക്ക് വിതരണം ചെയ്യാൻ സംസ്ഥാന കമ്മറ്റി പ്രവർത്തകരിൽ നിന്നും പ്രവാസികളിൽ നിന്നും പിരിച്ചെടുത്ത തുകയിൽ ഒന്നാം ഗഡുവായി 11.5 ലക്ഷം രൂപ ജില്ലാകമ്മിറ്റിക്ക് കൈമാറിയിരുന്നു.
നിയോജകമണ്ഡലം കമ്മിറ്റികൾ തയാറാക്കുന്ന മുൻഗണന ലിസ്റ്റ്പ്രകാരം ഏറ്റവും അർഹരായവർക്ക് തുക വിതരണം ചെയ്യണമെന്നായിരുന്നു നിർദ്ദേശം .
എന്നാൽ മണ്ഡലം കമ്മിറ്റി അറിയാതെയാണ് റാന്നി സ്വദേശിയായ ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുടെ അടുത്ത ബന്ധുക്കളുടെ പേരിൽ ഏഴര ലക്ഷം രൂപ മാറ്റിയെടുത്തത്. ആറന്മുള, അടൂർ ,തിരുവല്ല , മണ്ഡലങ്ങൾ ആയി ഏകദേശം നാല് ലക്ഷം രൂപയോളം വിതരണംചെയ്തു.
ലീഗ്് ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കംചെയ്തു വിഷയം അന്വേഷിക്കണമെന്ന് സംസ്ഥാന കമ്മിറ്റിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ സംസ്ഥാന കമ്മിറ്റിയിലെ ചില നേതാക്കളുടെ ഒത്താശയോടെയാണ് ഫണ്ട് വെട്ടിപ്പ് നടന്നതെന്നും മുഹമ്മദ് സാലി ആരോപിച്ചു.