കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. തന്റെ ഒരു ബന്ധു ആശുപത്രിയിലാണെന്നും പറഞ്ഞാണ് ഫേസ്ബുക്കിലൂടെ പണം ആവശ്യപ്പെടുന്നത്.
പണം ആവശ്യപ്പെട്ട് മെസേജുകൾ വന്ന സുഹൃത്തുക്കൾ ടി.ഒ. മോഹനനെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ചതാണെന്ന് ശ്രദ്ധയിൽപ്പെട്ടത്.
ഇതോടെയാണ് ടി.ഒ. മോഹനൻ തന്റെ ഒറിജിനൽ ഫേസ് ബുക്ക് അക്കൗണ്ടിൽ തന്റെ പേരിൽ വ്യാജ അക്കൗണ്ട് നിലവിലുണ്ടെന്നും പല ആവശ്യങ്ങളും പറഞ്ഞ് പണം തട്ടാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആരും വഞ്ചിതരാകരുതെന്നും അറിയിച്ചത്.
ടി. ഒ. മോഹനന്റെ അതേ പ്രൊഫൈൽ ഫോട്ടോ വച്ചാണ് വ്യാജ അക്കൗണ്ടും നിർമിച്ചത്. ഫ്രണ്ട് ലിസ്റ്റിലുള്ള എല്ലാവർക്കും റിക്വസ്റ്റ് അയച്ചാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്.
ഫെയ്ക്ക് അക്കൗണ്ടിലൂടെ പണം തട്ടാൻ ശ്രമിച്ചയുടൻ തന്നെ കാര്യം അറിഞ്ഞതുകൊണ്ട് ആരുടെയും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് മേയർ പറഞ്ഞു. ഇതിനെതിരേ സൈബർ സെല്ലിലും പോലീസിനും പരാതി നൽകിയിട്ടുണ്ടെന്നും മേയർ പറഞ്ഞു.