പിറവം: പഴവർഗങ്ങൾ 200 ഇനം, കിഴങ്ങുവർഗങ്ങൾ 78 തരം, ഇതിൽ കാച്ചിൽ 45 ഇനം, ‘ഒരു പഴ വനം’ അതാണെന്റെ സ്വപ്നം.
അഞ്ചു വർഷത്തിനുള്ളിൽ ഇത് യഥാർഥ്യമാക്കും- 42കാരനായ അജിത്ത് പറയുന്നു. ഐടിഐയിൽ അധ്യാപകനായ മുളന്തുരുത്തി തുരുത്തിക്കര കാടശേരിൽ വീട്ടിൽ അജിത്തിന്റെ 70 സെന്റ് ഭൂമിയിലാണ് ഇതെല്ലാമുള്ളത്.
വിദേശ ഇന ഫലവൃക്ഷങ്ങളായ യുവേവ, റംഡോൾ, ചെറി ഓഫ് റിയോ, കമ്പൂക്കാ, ആഫ്രിക്കൻ ഉദാര, സലാക്ക്, അബിയു, കെപ്പൽ, റെയ്ൻബോ മട്ടോവ, മാപരാങ്ങ്, കെസൂസു, സങ്കോയ, ചെറിമോയ, ആപ്രികോട്ട്, മക്കോട്ടദേവ, കോകം, ആസ്ട്രേലിയൻ ഫിങ്കർലെം, റെയ്ൻ ഫോറസ്റ്റ് പ്ലം, ചാമിലാങ്ങ്, ലൂക്ക്ഗാർസീനിയ, അച്ചാചെറു, ലാങ് സെറ്റ്, ഡുക്കു, ബ്ലാക്ക് സപ്പോട്ട, വൈറ്റ് സപ്പോട്ട, ഗാമ്പ് തുടങ്ങി പട്ടിക നീളുകയാണ്. 13 ഇനം ഡ്രാഗൺ ഫ്രൂട്ട്സ്, 10 തരം മര മുന്തിരി, ഒമ്പതിനം റംബൂട്ടാന് എന്നിവയുമുണ്ട് .
ഔഷധ ചെടികളായ അണലിവേഗം, ദന്ത പാല, പുഷ്കര മുല്ല, രാമനാമ ചെടി, ആരോഗ്യപച്ച, രുദ്രാക്ഷം, കമണ്ഡലു, കർപ്പൂരം, മൗവ്വ തുടങ്ങിയവയും ശേഖരത്തിലെ ചിലതു മാത്രം.
വീടിനടുത്തുള്ള പാടത്ത് നെൽകൃഷിയിൽ കറുത്ത നെല്ലായ കൃഷ്ണ കൗമോദ്, രക്തശാലി, ഞവര എന്നീ വ്യത്യസ്ത ഇനങ്ങളും കൃഷി ചെയ്യുന്നുണ്ട്. രാസവളം പുരയിടത്തിൽ ഇതുവരെ ഉപയോഗിച്ചില്ലെന്ന് പറയുന്നു.
പൂർണമായും ജൈവരീതിയിലുള്ള കൃഷി രീതിയാണ് പിന്തുടരുന്നത്. വളപ്രയോഗത്തിനായി ബയോ ഗ്യാസ് സ്ലറി ആണ് കൂടുതലും ഉപയോഗിക്കുന്നത്.
വീടും പുരയിടവും പഴങ്ങളുടെ കേന്ദ്രമായതോടെ പക്ഷിമൃഗാദികളുടെ ആവാസ കേന്ദ്രമായിട്ടുണ്ട് പ്രദേശം. വിദേശിയും സ്വദേശിയുമായ ഫലവർഗങ്ങളുടെ കൃഷി തുടങ്ങിയിട്ട് ആറു വർഷം പിന്നിടുകയാണ്.
ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് ഭൂരിഭാഗം പഴവർഗങ്ങളുടേയും വിത്തുകൾ സ്വന്തമാക്കിയത്. വിദേശത്തുള്ള സുഹൃത്തുക്കളുടേയും സഹായമുണ്ട്.
ഫല വർഗങ്ങളൊന്നും വിൽക്കാനുള്ള ഉദ്ദേശമില്ലെന്ന് അജിത്ത് പറയുന്നു. ഇതെല്ലാം സുഹൃത്തുക്കൾക്കും സമീപവാസികൾക്കുമെല്ലാം സൗജന്യമായി വിതരണം ചെയ്യുകയാണ്.
കളമശേരി ഗവൺമെന്റ് ഐടിഐയിൽ അധ്യാപകനായ അജിത്തിന് 2019 -20 ലെ മികച്ച ഐടിഐ അധ്യാപകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്.
അച്ഛൻ അബുജാക്ഷൻ നായരും അമ്മ രാധാമണിയും എംജി യുണിവേഴ്സിറ്റി ജീവനക്കാരിയായ ഭാര്യ രമ്യാ വിശ്വനാഥനും ഇതിനെല്ലാം പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. മക്കൾ വൈഷ്ണവ്, കൃഷ്ണജ.