കാഞ്ഞിരപ്പള്ളി: കുടിവെള്ളമില്ലാതെ മഴവെള്ളത്തെ ആശ്രയിച്ച് മിനിസിവിൽ സ്റ്റേഷനിലെ ജീവനക്കാർ. താലൂക്ക് ഓഫീസ് ഉൾപ്പടെ ഇരുപതിലേറെ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന മിനിസിവിൽ സ്റ്റേഷനിൽ ജലസ്രോതസില്ലാത്തതാണ് കാരണം.
വാട്ടർ അഥോറിറ്റിയുടെ കണക്ഷനുണ്ടെങ്കിലും വെള്ളം എത്താറില്ലെന്നു ജീവനക്കാര്‍ പറയുന്നു.ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കെത്തുന്നവരും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ മറ്റിടങ്ങൾ കണ്ടെത്തേണ്ട സ്ഥിതിയാണ്.
മഴക്കാലത്തും പോലും പ്രാഥമികാവശ്യങ്ങൾക്ക് കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ട ഗതികേണ്ടിലാണ് ജീവനക്കാർ. സിവിൽ സ്റ്റേഷനിലെ ശൗചാലയങ്ങൾ മിക്കവയും വെള്ളമില്ലാത്തതിനാൽ ഉപയോഗയോഗ്യമല്ലാതായി.
സിവിൽ സ്റ്റേഷൻ നിർമാണ കാലത്ത് ഇവിടെ മൂന്നു കുഴൽ കിണറുകൾ കുഴിച്ചെങ്കിലും രണ്ടെണ്ണത്തിൽ വെള്ളം കണ്ടില്ല. നിലവിലുള്ള ഒരെണ്ണത്തിൽ വെള്ളവുമില്ല.
പിന്നീട് സിവിൽ സ്റ്റേഷനിലേക്ക് ആവശ്യമായ വെള്ളമെത്തിക്കാൻ ചിറ്റാർ പുഴയോരത്ത് ടൗൺ ഹാളിന് സമീപത്ത് 450 അടി താഴ്ചയിൽ കുഴൽ കിണർ നിർമിച്ചെങ്കിലും വെള്ളം ലഭിച്ചില്ല.
ഇതിനിടെ സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നു മൂന്ന് കിലോമീറ്റര്‍ അകലെ അഞ്ഞൂറോളം മീറ്റർ ഉയരത്തിലുള്ള മേലരുവിയിൽ നിന്നു ഹോസിലൂടെ വെള്ളമെത്തിക്കാൻ നടപടി സ്വീകരിച്ചെങ്കിലും കുറച്ചുകാലം കഴിഞ്ഞതോടെ ഹോസിൽ ചെളിനിറഞ്ഞ് അതും നിലച്ചു.
75,000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കും 20000 ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയും സിവിൽ സ്റ്റേഷനിലുണ്ട്.
മഴക്കാലത്ത് ലഭിക്കുന്ന വെള്ളം മഴവെള്ള സംഭരണിയിൽ നിന്നു ടാങ്കിലേക്കു ശേഖരിച്ചാണ് ഉപയോഗിച്ചു വരുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വെള്ളം വേനൽ തുടങ്ങും മുന്‍പേ തീരും.