ഫിൻലൻഡിൽ നടന്ന ബൃഹത്തായ ഒരു പഠനത്തിൽ ഹൃദ്രോഗാനന്തര മരണസംഖ്യ 76 ശതമാനത്തോളം കുറയ്ക്കാൻ സാധിച്ചത് അപകടഘടകങ്ങളുടെ സമയോചിതമായ നിയന്ത്രണംകൊണ്ടു മാത്രമാണെന്നു കണ്ടെത്തി.
ഇതിൽനിന്ന് ഒരു വസ്തുത സുവിദിതമാണ്. എത്രയൊക്കെ അത്യാധുനിക സാങ്കേതികമികവുള്ള ചികിത്സാപദ്ധതികൾ ഇപ്പോൾ സുലഭമാണെങ്കിലും ഹൃദ്രോഗസാധ്യതയും അതേത്തുടർന്നുള്ള മരണവും കടിഞ്ഞാണിടാൻ പ്രതിരോധമാർഗങ്ങൾതന്നെ ഏറ്റവും നല്ലത്.
എന്നാൽ, എന്താണു നാം കണ്മുന്പിൽ കാണുന്നത്? രോഗങ്ങളെ ചെറുത്തുനിർത്തുന്ന മാർഗങ്ങൾ ആരായുന്നതിൽ ആരും താൽപര്യം പ്രകടിപ്പിക്കുന്നില്ല എന്നതുതന്നെ.
ശരീരത്തിന്റെ ഉൗർജസ്രോതസുകളിൽ ലീനമായി സ്ഥിതിചെയ്യുന്ന ആന്തരിക ശക്തികളാണ് രോഗങ്ങളെ തടയുന്നതും ശമിപ്പിക്കുന്നതുമെന്ന് ആയുർവേദം പഠിപ്പിക്കുന്നു.
ഇവ പതറുന്പോഴാണു രോഗങ്ങളുണ്ടാകുന്നത്. ഈ ശക്തികൾക്കുള്ള ഉത്തേജനം മാത്രമാണു വിവിധ ചികിത്സാവിധികൾ.
രോഗലക്ഷണങ്ങൾ ഇല്ലാതെയും
ഹാർട്ടറ്റാക്കും പെട്ടെന്നുള്ള മരണവും 40-50 ശതമാനത്തോളം സംഭവിക്കുന്നതു നേരത്തെ രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരിലാണെന്നു പഠനങ്ങൾ സ്ഥിരീകരിക്കുന്നു.
അതുകൊണ്ടു രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ലാത്തവരെയും ഹൃദ്രോഗസാധ്യതയുള്ളവരെയും നേരത്തെതന്നെ കണ്ടുപിടിച്ചു പ്രാഥമിക പ്രതിരോധ നടപടികൾ നടത്തുക ആവശ്യമാണ്. അതിനു പ്രധാനമായി അഞ്ചു കാരണങ്ങളാണുള്ളത്.
1. അനേകരെ കൊന്നൊടുക്കുന്ന സർവസാധാരണവും ഭീതിദവുമായ ഒരു രോഗാതുരതയായി മാറിക്കഴിഞ്ഞു ഹൃദ്രോഗം.
2. സമുചിതവും കർക്കശവുമായ ജീവിത- ഭക്ഷണ ക്രമീകരണങ്ങൾകൊണ്ടും കൃത്യവും സ്ഥിരവുമായ വ്യായാമമുറകൾകൊണ്ടും നിയന്ത്രണവിധേയമാക്കാവുന്നതാണ് ഈ രോഗം.
3. രോഗം വന്നുപെട്ടാൽ അതിന്റെ ലക്ഷണങ്ങൾ പ്രകടമാകാൻ ദീർഘകാലമെടുക്കും.
4. രോഗലക്ഷണങ്ങൾ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ഹാർട്ടറ്റാക്കോ പെട്ടെന്നുള്ള മരണമോ സംഭവിക്കാനുള്ള കാലയളവ് ഹ്രസ്വമാണ്.
5. ധമനികളിൽ ബ്ലോക്കുണ്ടാക്കുന്ന പൊതുവായ ജരിതാവസ്ഥ ഗുരുതരമായാൽ ശാശ്വത പരിഹാരമില്ല.
ആപത്ഘടകങ്ങളെ നേരത്തേ തടഞ്ഞാൽ
രോഗതീവ്രതയുള്ള വളരെ ചെറിയ ശതമാനം ആൾക്കാർക്ക് വളരെ ചെലവേറിയ ചികിത്സ നൽകുന്ന സന്പ്രദായമാണ് ഇന്നു പ്രബലമായുള്ളത്.
രോഗാതുരതയിലേക്കു വലിച്ചിഴയ്ക്കുന്ന ആപത് ഘടകങ്ങളെ ക്രിയാത്മകവും ചെലവു കുറഞ്ഞതുമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്ന പ്രവണത ഇന്നു നന്നേ കുറവാണെന്നു പറയേണ്ടിയിരിക്കുന്നു.
അതിനു തുനിയുന്ന ഭിഷഗ്വരന്മാരും വിരളം. ആൻജിയോപ്ലാസ്റ്റിയും ബൈപാസ് സർജറിയുമെല്ലാം ഗുരുതരമായ രോഗാവസ്ഥയ്ക്കുള്ള ചികിത്സ മാത്രമാണ്.
ഈ രണ്ടു ചികിത്സാവിധികളും രോഗംവന്ന കൊറോണറി ധമനികൾ പരിപോഷിപ്പിക്കുന്ന ഹൃദയപേശികളെ പ്രവർത്തനയോഗ്യമാക്കുകയാണു ചെയ്യുന്നത്.
രോഗിയിൽ രൂഢമൂലമായിരിക്കുന്ന സമൂലമായ രോഗാതുരതയ്ക്കുള്ള ശാശ്വതപരിഹാരമല്ല ഇവയെന്നോർക്കണം. ഇന്നു ഹൃദ്രോഗ ചികിത്സാരംഗത്തുള്ള പ്രവണത ക്രോഡീകരിച്ചാൽ 90 ശതമാനവും രോഗം മൂർച്ഛിച്ചതിനുശേഷമുള്ള ചികിത്സകളാണ്.
(തുടരും)
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ
MD, FACC, FRCP
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി, എറണാകുളം