ബംഗളൂരു/ന്യൂഡൽഹി: ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങളെക്കുറിച്ച് പാക് ചാരസംഘടന വിവരം ചോർത്തിയത് ബംഗളൂരുവിൽ പ്രവർത്തിക്കുന്ന ടെലിഫോൺ എക്സ്ചേഞ്ചുകൾ വഴിയെന്നു കണ്ടെത്തൽ.
മലപ്പുറം സ്വദേശി ഇബ്രാഹിം മുല്ലാട്ടി ബിൻ മുഹമ്മദ്കുട്ടി, തമിഴ്നാട് തിരുപ്പൂർ സ്വദേശി ഗൗതം ബി. വിശ്വനാഥൻ എന്നിവരെ സതേൺ കമൻഡാന്റ് മിലിട്ടറി ഇന്റലിജൻസിന്റെ സഹായത്തോടെ ബംഗളൂരു ആന്റിടെറർ സെൽ അധികൃതർ കഴിഞ്ഞദിവസം പിടികൂടിയതിനു പിന്നാലെയാണ് സിറ്റിയിൽ ആറിടങ്ങളിലായി അനധികൃതമായ ടെലിഫോൺ എക്ചേഞ്ചുകൾ ഇവർ പ്രവർത്തിപ്പിച്ചുവന്നതായി വിവരം ലഭിച്ചത്.
ഒരേസമയം 960 സിം കാർഡുകൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന 32 സിം ബോക്സുകളാണ് ഇവരിൽനിന്നു പിടിച്ചെടുത്തത്.
ഇന്റർനെറ്റ് കോളുകളെ (വോയിസ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോൾ) ലോക്കൽ കോളുകളാക്കി മാറ്റിയാണ് തട്ടിപ്പു നടത്തിവന്നിരുന്നത്. ഇതിനായി സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സംവിധാനമാണ് ഇവർ ബംഗളൂർ സിറ്റിയിൽ പ്രവർത്തിപ്പിച്ചിരുന്നത്.
സിം കാർഡുകളിൽ മൈഗ്രേഷൻ എന്ന സംവിധാനത്തിലൂടെ ശബ്ദതരംഗത്തിൽ വ്യതിയാനമുണ്ടാക്കി സിറ്റിയിലേക്കുള്ള ജിഎസ്എം ഗേറ്റ്വേകളിലൂടെ കടത്തിവിടുന്നതോടെ കോളുകൾ രാജ്യത്തിന്റെ പല ഭാഗത്തുനിന്ന് എത്തുന്നുവെന്ന പ്രതീതിയുണ്ടാകും.
സൈനിക ചരക്കുനീക്കളെക്കുറിച്ചു വിവരം ലഭിക്കുന്ന മൂവ്മെന്റ് കൺട്രോൾ ഓഫീസ്, ഡിഫൻസ് അക്കൗണ്ട് പ്രിൻസിപ്പൽ കംപ്ട്രോളർ ഓഫീസ് എന്നിവയുടെ വിശദാംശങ്ങളാണ് പാക്കിസ്ഥാനിൽനിന്നു തിരക്കിയത്.