ഒറ്റപ്പാലം: അനങ്ങൻമലയിൽ കന്മദം തേടി ആളുകളെത്തുന്നു. കോവിഡ് കാല വിരസതയകറ്റാൻ കൂടിയാണ് ഈ മലകയറ്റം.
കന്മദമെന്ന വസ്തു ലഭിക്കുകയാണങ്കിൽ വിറ്റ് കാശാക്കാമെന്നും ഇവർ കരുതുന്നു. കരിങ്കൽമലകളുടെ മടക്കുകളിലാണ് ഈ വസ്തു കണ്ടുവരുന്നത്.
ദക്ഷിണേന്ത്യയിൽ കന്മദം ലഭിക്കുന്ന മലമടക്കുകൾ വളരെ വിരളമാണെന്നിരിക്കെ അനങ്ങൻമലയിൽ ഇത് ലഭ്യമാണന്ന തിരിച്ചറിവാണ് ആയുർവേദ രംഗത്തുള്ളവരെ ഇങ്ങോട്ട് നയിക്കുന്നത്.
ഇതിനോടൊപ്പം ചന്ദന മരങ്ങളും, വേരുകളും കൂടി മലയിൽ നിന്ന് അപഹരിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലാണ് ഏറ്റവും കൂടുതൽ ഒൗഷധഗുണമുള്ള കന്മദം അഥവാ ശിലാജിത്ത് ലഭിക്കുന്നത്.
വളരെ സുലഭമായി ഹിമാലയസാനുക്കളിലാണ് ഏറ്റവും കൂടുതൽ കന്മദം ലഭിക്കുന്നതന്ന് ആയുർവേദ രംഗത്തുള്ളവർ പറയുന്നു.
അതിന്റെ നിറം കുങ്കുമക്കളറാണെങ്കിൽ അനങ്ങൻമലയിൽ നിന്നും മറ്റും ലഭിക്കുന്ന കന്മദത്തിന് കാപ്പിക്കളറാണ് ഉള്ളതെത്രേ. മലയുടെ പാറപ്പാളികൾക്കിടയിൽ നിന്നും കിനിഞ്ഞിറങ്ങുന്ന ജെൽ രൂപത്തിലുള്ള വസ്തുവാണ് കന്മദമെന്ന പേരിലറിയപ്പെടുന്നത്.
കുട്ടികളുണ്ടാവാത്ത ദന്പതിമാർക്കുള്ള ഉത്തമ ഒൗഷധം കൂടിയാണ് ധാതുലവണങ്ങളടങ്ങിയ കന്മദമെന്ന് ആയുർവേദം പറയുന്നു.
അനങ്ങൻമലയുടെ ഐതീഹ്യം ഹിമാലയവുമായി ബന്ധമുള്ളതിനാലും ഇവിടെയും കന്മദം ധാരാളമായി ലഭിക്കുന്നതിനാലും ആ ഐതിഹ്യത്തിന് പ്രസക്തിയേറെയുണ്ടന്നാണ് പഴമക്കാർ പറയുന്നത്.
മൃതസഞ്ജീവനിയടക്കമുള്ള അപൂർവ്വ ഒൗഷധങ്ങൾ അനങ്ങൻമലയിൽ ഉണ്ടെന്നാണ് പഴമക്കാർ പറയുന്നത്. മറ്റ് പല തരം പച്ചമരുന്നിന്റെയും ലഭ്യത കൂടി അനങ്ങൻമലയിലുള്ളതിനാൽ വലിയൊരു ഒൗഷധക്കലവറയാണ് അനങ്ങൻ മല.