പാരീസ്: റോളണ്ട് ഗാരോസിലെ കളിമൺ കോർട്ടിൽ ഒടുവിൽ ആ രാജാവിന് അടിപതറി. നിലവിലെ ചാമ്പ്യനായ റാഫേൽ നദാലിനെ കീഴടക്കി ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് ഫൈനലിൽ കടന്നു. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ചിന്റെ ജയം. സ്കോർ: 3-6, 6-3, 7-6, 6-2.
ഫ്രഞ്ച് ഓപ്പണിൽ നദാലിന്റെ പതിനാലാം കിരീട സ്വപ്നമാണ് ഇന്നത്തെ തോൽവിയോടെ പൊലിഞ്ഞത്. റോളണ്ട് ഗാരോസിൽ കളിച്ച 108 മത്സരങ്ങളിലെ മൂന്നാം തോൽവിയാണ് നദാൽ നേരിട്ടത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മൂന്നു വിജയങ്ങളിൽ ഒന്നാണിതെന്ന് മത്സരശേഷം ജോക്കോവിച്ച് പ്രതികരിച്ചു.
കളിമൺ കോർട്ടിലെ നദാലിന്റെ സമഗ്രാധിപത്യത്തിനാണ് ജോക്കോവിച്ച് തടയിട്ടത്. ഇതോടെ റോളണ്ട് ഗാരോസിൽ നദാലിനെ രണ്ട് തവണ തോൽപ്പിക്കുന്ന ആദ്യ താരവുമായി ജോക്കോവിച്ച്. 2015ലെ ഫ്രഞ്ച് ഓപ്പൺ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലും നദാൽ ജോക്കോവിച്ചിന്റെ മുന്നിൽ കീഴടങ്ങിയിരുന്നു.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ജോക്കോവിച്ച് ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിടും. അഞ്ച് സെറ്റ് നീണ്ട സൂപ്പർ സെമി പോരാട്ടത്തിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെയാണ് സിറ്റ്സിപാസ് കീഴടക്കിയത്. 22 കാരനായ താരം ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലിനാണ് ഇറങ്ങുന്നത്.