കൊച്ചി: ഫ്ലാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാര്ട്ടിന് ജോസഫിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. പണം ഉണ്ടാക്കാന്‍ എന്ത് സാമ്പത്തിക ഇടപാടുകളാണ് പ്രതികള്‍ നടത്തിയതെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. ഇന്നലെ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ല്‍ ഹാജരാക്കിയ പ്രതിയെ 23 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
മാസം 40,000 രൂപ വരുമാനം വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് ഇയാള്‍ അഞ്ചു ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നാണ് പോലീസിന്റെ ആരോപണം.
ഇത്രയും പണം ഉണ്ടാക്കാന്‍ എന്ത് സാമ്പത്തിക ഇടപാടുകളാണ് ഇവര്‍ നടത്തിയതെന്ന് അന്വഷിക്കേണ്ടതുണ്ടെന്നും റിമാന്‍ഡില്‍ പാര്‍പ്പിക്കണമെന്നും അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.
കാക്കനാട് ജില്ലാ ജയിലിലാണു റിമാന്‍ഡ് ചെയ്തിട്ടുള്ളത്.പ്രതികളുടെ വരുമാന സ്രോതസും ഇവരുടെ പ്രവര്‍ത്തനങ്ങളും അന്വേഷണ വിധേയമാക്കുമെന്നു പോലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
കേസിലെ മുഖ്യപ്രതി തൃശൂര്‍ മുണ്ടൂര്‍ സ്വദേശി മാര്ട്ടിന് ജോസഫ്(26), ഇയാളെ കൊച്ചിയില്‍നിന്നും തൃശൂരിലേയ്ക്ക് പോകാന്‍ സഹായിച്ച പുത്തൂര്‍ കൈപ്പറമ്പ് കണ്ടിരുത്തി വീട്ടില്‍ ശ്രീരാഗ്(27), പാവറട്ടി വെണ്മനാട് പറക്കാട്ട് വീട്ടില്‍ ധനീഷ്(29), മുണ്ടൂര്‍ കിരാലൂര്‍ പരിയാടന്‍ വീട്ടില്‍ ജോണ്‍ ജോയ്(28) എന്നിവരെയാണു പോലീസ് പിടികൂടിയത്.
സുഹൃത്തുക്കളായ മൂന്നുപേരെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു.എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലി ചെയ്ത് വരികയായിരുന്ന കണ്ണൂര്‍ സ്വദേശിനിയെ ഫ്ളാറ്റില്‍വച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലാണ് മാര്ട്ടിന് ജോസഫ് അറസ്റ്റിലായത്.
മാസങ്ങള്‍ക്ക് മുമ്പ് പരിചയത്തിലായ ഇവര്‍ ഒരുമിച്ച് താമസിച്ചുവരുന്നതിനിടെ യുവതിയെ മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ എത്തിച്ച് മാര്ട്ടിന് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെയുള്ള ദിനങ്ങളിലായിരുന്നു ഇത്.
സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തുകയും ഫ്ളാറ്റിന് പുറത്തുപോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താല്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒടുവില്‍ മാര്‍ട്ടിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട യുവതി ഏപ്രില്‍ എട്ടിന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
മാര്ട്ടിന് പീഡിപ്പിച്ചെന്ന പരാതിയുമായി മറ്റൊരു യുവതികൂടി കൊച്ചി സിറ്റി പോലിസിന് പരാതി നല്‍കിയിട്ടുണ്ട്.