കണ്ണൂർ: സ്വന്തമായി ജോലി ചെയ്തു മൊബൈൽ ഫോണ്‍ വാങ്ങിക്കാനായി നാടു വിടാൻ ശ്രമിച്ച രണ്ട് പെണ്‍കുട്ടികളെ അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തി ടൗണ്‍ പോലീസ്.
16, 17 ഉം വയസുള്ള പെണ്‍കുട്ടികളെയാണ് ഇന്നലെ വൈകുന്നേരം നാലോടെ നഗരത്തിലെ ഒരു സ്റ്റുഡൻസ് ഷെൽട്ടർ ഹോമിൽ നിന്നും കാണാതായത്.
പ്രത്യക്ഷത്തിൽ ഹോസ്റ്റൽ അധികൃതരുമായി പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന കുട്ടികളുടെ തിരോധാനം ഹോസ്റ്റൽ അധികൃതരേയും പോലീസിനെയും ആശങ്കയിലാക്കി.
കുട്ടികളുടെ കൈയിൽ മൊബെൽ ഫോണ്‍ ഇല്ലായിരുന്നു. പോലീസിന് വിവരം ലഭിച്ചയുടൻ നഗരത്തിൽ കർശന പരിശോധന നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞില്ല.
ആ സമയം രണ്ട് ട്രെയിനുകൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കടന്നുപോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ നഗരത്തിലെ ഒരു വീട്ടിൽ നിന്നും പണം കടം വാങ്ങിയതായും കടകളിലെയും വഴിയരികിലെയും ആൾക്കാരിൽ നിന്നും ഫോണ്‍ വാങ്ങി പലരേയും വിളിച്ചതായും പോലീസിന് വിവരം ലഭിച്ചത്.
തുടർന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ സഹായത്തോടെ അന്വേഷിച്ചപ്പോൾ ഒരു ഓട്ടോയിൽ കയറി ചെറുകുന്ന് ഭാഗത്തേക്ക് പോയതായി അറിഞ്ഞു.
ഇതേതുടർന്ന് ചെറുകുന്ന് -കണ്ണപുരം ഭാഗങ്ങളിൽ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ രാത്രിയോടെ കണ്ണപുരം റെയിൽവേ സ്റ്റേഷൻ ഭാഗത്തെ ഒരു ഒഴിഞ്ഞ കെട്ടിടത്തിൽ ഒളിച്ചിരിക്കുകയായിരുന്ന പെണ്‍കുട്ടികളെ കണ്ടെത്തുകയായിരുന്നു.
രാത്രിയിലെ ട്രെയിനിൽ പോകാനാണ് അവിടെ ഒളിച്ചിരുന്നതെന്ന് പോലീസ് ചോദ്യം ചെയ്യലിൽ കുട്ടികൾ പറഞ്ഞു.
ഹോസ്റ്റലിൽ ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഉള്ളതിനാൽ സ്വന്തമായി ജോലി ചെയ്ത് മൊബെൽ ഫോണ്‍ വാങ്ങാനാണ് നാട് വിടാൻ തീരുമാനിച്ചതെന്നും കുട്ടികൾ പോലീസിനോട് പറഞ്ഞു.
ഐപി വി.സി. വിഷ്ണുകുമാർ, സിപിഒ വിജിനേഷ് , എസ് സിപിഒ സുഗേഷ്, കെ.എൻ. സഞ്ജയ് എന്നിവരടങ്ങിയ സംഘമാണ് കുട്ടികളെ കണ്ടെത്തിയത്.