കട്ടപ്പന: സമൂഹ മാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പ് ജില്ലയിലും വ്യാപകമാകുന്നു. ജില്ലയിൽ നിരവധി ആളുകൾക്ക് ഇത്തരത്തിൽ പണം നഷ്ടമാകുകയാണ്. ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് മുതലായ സമൂഹ മാധ്യമങ്ങൾ വഴിയാണ് തട്ടിപ്പ് നടക്കുന്നത്.
വീഡിയോകോൾ ചെയ്ത് മോർഫിംഗ് നടത്തി ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. ഫേസ്ബുക്ക് മെസഞ്ചറിലൂടെയും വാട്സ് ആപ്പിലൂടെയുമൊക്കെയാണ് വീഡിയോകോൾ വരുന്നത്.
വിളിക്കുന്നയാൾക്കുപകരം സ്ത്രീയുടെ നഗ്നദൃശ്യമാണ് പ്രത്യക്ഷപ്പെടുക. കോൾ എടുത്തുകഴിഞ്ഞാലുടൻ റിക്കോർഡ് ചെയ്യുകയും മുഖം മറ്റേതെങ്കിലും അശ്ലീല വീഡിയോയുമായി ചേർത്ത് മോർഫുചെയ്ത് സെക്സ് വീഡിയോചാറ്റ് എന്ന രീതിയിലാക്കുകയുമാണ് സംഘം ചെയ്യുന്നത്.
ഇത് ഫേസ്ബുക്കിൽ ഫ്രണ്ട് ലിസ്റ്റിലുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം അയച്ചുകൊടുക്കുമെന്ന് പറഞ്ഞാണ് ഭീഷണി.
ജില്ലയിൽ നിരവധി ആളുകൾക്കാണ് ഇത്തരത്തിൽ പണം നഷ്ടമായത്. എഴുകുംവയൽ സ്വദേശിയും ബിഎസ്എൻഎൽ ജീവനക്കാരനുമായ ഇമ്മാനുവേലിന് ഇത്തരത്തിൽ ഫേസ്ബുക്ക് മെസഞ്ചറിൽ വീഡിയോകോൾ വരികയും നിമിഷങ്ങൾക്കകം മുഖം മറ്റൊരു അശ്ലീല വീഡിയോയുമായി ചേർത്ത് മോർഫുചെയ്ത് സെക്സ് വീഡിയോചാറ്റ് എന്ന രീതിയിലാക്കി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
മാത്രമല്ല ഇത് ഇയാളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇദ്ദേഹം പോലീസിൽ പരാതിപ്പെടുകയായിരുന്നു.
കഴിഞ്ഞദിവസം ഇത്തരത്തിൽ മറ്റൊരു കട്ടപ്പന സ്വദേശിക്കും വീഡിയോകോൾ വരികയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇദ്ദേഹം സംഭവം ചില സുഹൃത്തുക്കളുമായി പങ്കുവച്ചതോടെയാണ് നിരവധിപേർ ഇത്തരത്തിൽ ബ്ലാക്ക്മെയിലിംഗിന് വിധേയരായതായി അറിയുന്നത്.
കോവിഡ്കാലത്ത് ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമായതോടെയാണ് കേസുകൾ കൂടുന്നത്. വ്യാജ ഐഡികളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. പലരുടെയും പേരിൽ വ്യാജ ഐഡികൾ ഉണ്ടാക്കി പണംതട്ടുന്ന സംഘങ്ങളും സജീവമായിരിക്കുകയാണ്.
ഓണ്ലൈൻ വഴിയുള്ള മറ്റു സാന്പത്തിക തട്ടിപ്പുകൾ നടത്തുന്ന സംഘങ്ങൾ തന്നെയാവാം ഇതിനു പിന്നിലെന്നും സംശയമുണ്ട്.
മാനക്കേട് ഭയന്ന് പലരും നഷ്ടപ്പെട്ട തുക പുറത്തുപറയാനോ നിയമനടപടിയുമായി മുന്നോട്ടുപോകാനോ തയാറാകാത്തതാണ് ഇത്തരക്കാർക്ക് സഹായകരമാകുന്നത്.