കട്ടപ്പന: മോറീസ് മൈനർ വാഹന പ്രേമികളുടെ ഹരമാണെങ്കിലും അതു സ്വന്തമാക്കുകയെന്നത് പിള്ളകളിയല്ല.
അതു സ്വന്തമാക്കിയതിന്റെ ത്രില്ലിലാണ് നരിയന്പാറ സ്വദേശിയായ കെ. സൂരജ്. 73 വർഷം പഴക്കമുള്ള മോറിസ് മൈനർ ബ്രിട്ടീഷ് നിർമിത 1949 മോഡൽ കാറിനെ നിധിപോലെയാണ് സൂരജ് സൂക്ഷിക്കുന്നത്.
മോറിസ് മൈനർ 1948-ലാണ് ആദ്യമായി വിപണിയിലെത്തിയത്. മോറിസ് എയ്റ്റ് ആയിരുന്നു ഇവന്റെ മുൻഗാമി.
ആദ്യമായി പത്തുലക്ഷം എന്ന എണ്ണം തികച്ച ബ്രിട്ടീഷ് കാർ എന്ന പദവിയും മോറിസ് മൈനറിനാണ്.
കാർ മെക്കാനിക്കായ സൂരജിന് വിന്റെജ് കാറുകളോടുള്ള പ്രണയം തന്നെയാണ് തൃശൂരിൽനിന്നും മൂന്നുവർഷംമുന്പ് പറഞ്ഞ തുകനൽകി ഈ കുഞ്ഞൻ കാറിനെ കട്ടപ്പനയിലേക്ക് കൊണ്ടുവരാൻ കാരണം.
രണ്ടാം ലോകമഹായുദ്ധാനന്തര ബ്രിട്ടനിലെ ബജറ്റ് കാറെന്ന ബഹുമതിയാണ് രണ്ടാം തലമുറ മോറിസിനുണ്ടായിരുന്നത്.
ബെൻസ്, ലംബോർഗിനി തുടങ്ങിയ ആഡംബരക്കാറുകൾ അടക്കിവാണിരുന്ന അന്നത്തെ കാലത്ത് സാധാരണക്കാരുടെ വാഹനമായിരുന്നു ഈ കുഞ്ഞൻ കാർ.
മലയാള ചലചിത്രത്തിലെ മുൻനിര താരങ്ങൾ അഭിനയിച്ച വർണം എന്ന സൂപ്പർഹിറ്റ് മലയാള ചലച്ചിത്രത്തിൽ ഏറ്റവും പ്രധാനിയായിരുന്നു ഈ കാർ.
തിരുവിതാംകൂർ രാജാവ് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയും അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ചിത്തിര തിരുനാൾ ബാലരാമവർമയും ഉപയോഗിച്ചിരുന്നതും ഈ മോഡൽ മോറിസ് കാറുകളാണ്.
തുടുത്ത കവിളുകളുള്ള കുഞ്ഞുങ്ങളുടെ മുഖഭാവമായതിനാലാണ് ഈ കാറിനെ മൈനർ എന്നു നാമകരണം ചെയ്യാൻ മോറിസ് കന്പനിക്ക് പ്രേരകമായതെന്നും പറയുന്നുണ്ട്.
ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും സുഖകരമായ യാത്രയാണ് ഈ 1949 മോഡൽ മോറിസ് കാറിൽ സഞ്ചരിച്ചാൽ അനുഭവിക്കാനാവുകയെന്ന് സൂരജ് പറയുന്നു.