കൊച്ചി: കോവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ സര്‍വകലാശാലാ പരീക്ഷകള്‍ വൈകുന്നതിനാൽ വീടുകളിലേക്കു മടങ്ങാനാകാതെ ലക്ഷദ്വീപില്‍നിന്നുള്ള വിദ്യാര്‍ഥികള്‍.
കേരളത്തിന്റെ വിവിധയിടങ്ങളിലായി തങ്ങുന്ന തങ്ങൾക്കു താമസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
കോളജ് ഹോസ്റ്റല്‍ സംവിധാനങ്ങളൊന്നും നിലവിൽ പ്രവര്‍ത്തിക്കുന്നില്ല. വീടുകള്‍ വാടകയ്ക്കെടുത്താണു മിക്ക വിദ്യാര്‍ഥികളും താമസിക്കുന്നത്.
ഇതിനു മാത്രമായി ഒരോരുത്തര്‍ക്കും പ്രതിമാസം 5,000 രൂപയ്ക്കുമേല്‍ വേണ്ടിവരുന്നതായും ഇതു വലിയ അരക്ഷിതാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ലക്ഷദ്വീപ് സ്റ്റുഡന്‍സ് കളക്ടീവ് കണ്‍വീനര്‍മാരായ ഹഫീസ, ഫതീന, അഫ്രീദ, മനസൂര്‍ മുഹമ്മദ് എന്നിവര്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച നിവേദനത്തില്‍ വ്യക്തമാക്കി.
ഭൂരിഭാഗം കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനം സാധ്യമാകുന്നില്ല. സര്‍വകലാശാല പ്രഖ്യാപിച്ചിരിക്കുന്ന യുജി, പിജി പരീക്ഷകൾ വിദ്യാര്‍ഥികളുടെ മാനസിക പിരിമുറുക്കത്തിന് ആക്കംകൂട്ടുന്നു.
ലക്ഷദ്വീപില്‍നിന്നുള്ള കപ്പൽ സർവീസുകള്‍ കുറഞ്ഞത് പരീക്ഷാസമയത്തുള്ള വിദ്യാര്‍ഥികളുടെ യാത്രകള്‍ക്കും തടസമായി. നേരത്തെ കവരത്തിയില്‍ പരീക്ഷാ സെന്ററുകള്‍ ഉണ്ടായിരുന്നു. ഇത്തവണ ഒരു സെന്റര്‍ പോലും ലക്ഷദ്വീപില്‍ ഇല്ല.