മൂന്നാർ: 380 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കുന്ന കൊച്ചി – ധനുഷ്കോടി ദേശീയപാതയുടെ പണികൾ അവസാനഘട്ടത്തിലാണെന്നും ജൂലൈ അവസാനത്തോടെ പാത ഗതാഗതത്തിനായി തുറന്നു കൊടുക്കാനാവുമെന്നും എസ്. രാജാ എംഎൽഎ അറിയിച്ചു.
74 ശതമാനം പണികളും പൂർത്തീകരിച്ചു. മൂന്നാർ മുതൽ ദേവികുളം വരെയുള്ള ഭാഗത്തും ലോക്കാട് ഗ്യാപ്പിലുമാണ് പ്രധാനമായും പണികൾ ബാക്കിയുള്ളത്.
റോഡരികിലെ മരങ്ങൾ മുറിച്ചു മാറ്റാനാകാത്തതിനാൽ മൂന്നാർ – ദേവികുളം റോഡിലെ പണികളും പൂർത്തിയാക്കാനായിട്ടില്ല.
മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റർ ഭാഗത്ത് വിവിധയിടങ്ങളിലായുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് വനം വകുപ്പ് 30.5 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
അനുമതി ലഭിച്ചാൽ ഈ ഭാഗത്തെ പണികളും ഉടൻ ആരംഭിക്കും. തുടർച്ചയായുണ്ടായ മണ്ണിടിച്ചിൽ പോലുള്ള അപകടങ്ങളാണ് ലോക്കാട് ഗ്യാപ്പിലെ പണികൾ വൈകാൻ ഇടയാക്കിയത്.
22 മാസം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ച പണികൾ നിശ്ചയിച്ച കാലയളവിൽ പൂർത്തിയാക്കാനായില്ല. പണികൾ വേഗം പൂർത്തിയാക്കി തുറന്നുകൊടുക്കാനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നതെന്ന് എംഎൽഎ പത്രസമ്മേളനത്തിൽ പറഞ്ഞു.