തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗമുണ്ടായാൽ അതിനെ നേരിടാൻ സർക്കാർ സംവിധാനങ്ങൾ ഒരുക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
മൂന്നാം തരംഗത്തേക്കുറിച്ചുള്ള അതിശയോക്തിപരമായ റിപ്പോർട്ടുകൾ ആരും വിശ്വസിക്കരുത്.പുതിയൊരു തരംഗം താനെയുണ്ടാവില്ല.
കോവിഡ് നിയന്ത്രണത്തിലുണ്ടാവുന്ന വീഴ്ചയുടെ ഫലമായുണ്ടാവുന്നതാണ്. ഇനിയൊരു ലോക്ഡൗണിലേക്കു സംസ്ഥാനത്തെ തള്ളിവിടാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.
മൂന്നാമത്തെ തരംഗത്തിൽ കുട്ടികൾക്കിടയിൽ കേസുകൾ കൂടിയേക്കാമെന്ന റിപ്പോർട്ടുകൾ കണക്കിലെടുത്ത് സർക്കാർ മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ട്.
കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിച്ചുള്ള ട്രയാജ് പ്രോട്ടോക്കോൾ, അവരെ ചികിത്സിക്കാൻ ആവശ്യമായ മാർഗരേഖ, ഡിസ്ചാർജ് നയം എന്നിവ തയാറാക്കി.
കോവിഡ് വന്ന കുട്ടികളിൽ അപൂർവമായി കാണുന്ന മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം എന്ന രോഗത്തെ കണ്ടെത്താനും ചികിത്സിക്കാനുമുള്ള മാർഗരേഖയും തയാറാക്കി. ഇക്കാര്യങ്ങളിൽ ആരോഗ്യപ്രവർത്തകർക്കാവശ്യമായ പരിശീലനം നൽകി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.