കുറവിലങ്ങാട്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച വയലാ ഇടച്ചേരിതടത്തിൽ ഷിൻസി ഫിലിപ്പിന് (28) നാടും വീടും യാത്രാമൊഴിയേകി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉറ്റവരും ഉടയവരും പ്രിയപ്പെട്ടവൾക്ക് അന്ത്യയാത്ര ചൊല്ലി. ഇടച്ചേരി തടത്തിൽ ഫിലിപ്പ് – ലീലാമ്മ ദന്പതികളുടെ മൂന്നുമക്കളിൽ മൂത്തവളായ ഷിൻസി ഫിലിപ്പ് സൗദിയിലെ ജോലി ഉപേക്ഷിച്ച് ബഹറിനിലുള്ള ഭർത്താവ് കോട്ടയം കുഴിമറ്റം സ്വദേശി ബിജോ കുര്യന്റെ അടുത്തേക്ക് പോകാനിരിക്കെയായിരുന്നു അപകടം.
ഇന്നലെ പതിനൊന്നോടെയാണ് ഷിൻസിയുടെ ചേതനയറ്റശരീരം വയലാ ഇടച്ചേരി തടത്തിൽ വീട്ടിലെത്തിച്ചത്. ദിവസങ്ങളായി പിടിച്ചുനിറുത്തിയ ദുഃഖം അതോടെ അണപൊട്ടിയൊഴുകുകയായിരുന്നു.
കോട്ടയം കുഴിമറ്റത്ത് ഭർത്താവ് ബിജോ കുര്യന്റെ വീട്ടിലെ പൊതുദർശനത്തിനു ശേഷമാണ് വയലായിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചത്.
കോവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് വയലാ സെന്റ് ജോർജ് പള്ളിയിലാണ് നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഷിൻസിക്ക് അന്തിമോപചാരമർപ്പിക്കാനുള്ള ക്രമീകരണം ഒരുക്കിയത്. ദേവാലയത്തിലെ പ്രാർഥനാ ശുശ്രൂഷകൾക്ക് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കാർമികത്വം വഹിച്ചു.
പാലാ രൂപത വികാരി ജനറാൾ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, ഇടവക വികാരി ഫാ. ജോസ് തറപ്പേൽ, ഫാ. തോമസ് ബ്രാഹ്മണവേലിൽ തുടങ്ങിയവർ സഹകാർമികരായി. വീട്ടിലെ പ്രാർഥനാശുശ്രൂഷകൾക്ക് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ കാർമികത്വം വഹിച്ചു.
കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി, മോൻസ് ജോസഫ് എംഎൽഎ തുടങ്ങിയ പ്രമുഖരടക്കം അന്തിമോപചാരമർപ്പിക്കാൻ എത്തി.