കുമരകം: കുമരകത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ഇന്നലെ മാത്രം 70 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം കുമരകത്ത് നടന്ന മെഗാ പരിശോധന ക്യാന്പിന്റെ പരിശോധന ഫലം ഇന്നലെ ലഭ്യമായപ്പോൾ 60 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്നലെ വിവിധയിടങ്ങളിൽ നടന്ന പരിശോധനയിൽ കുമരകം സ്വദേശികളായ പത്തു പേർക്കുകൂടി ഫലം പോസിറ്റീവായി.
കോവിഡ് വ്യാപനം രൂക്ഷമായ നസ്രത്ത് വാർഡിൽ മാത്രം 40 പേർ രോഗബാധിതരാണ്. ഇതോടെ ജില്ലയിൽ കോവിഡ് പോസിറ്റീവിറ്റി നിരക്ക് രണ്ടാമതും കുമരകത്താണ്.
ഇവിടെ ചേർന്ന വാർഡ്തല സാനിറ്റേഷൻ കമ്മിറ്റി യോഗം നിയന്ത്രണം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചു. തൊഴിലുറപ്പ് ജോലികൾ നിർത്തിവയ്ക്കുന്നതിനും വ്യാപനം രൂക്ഷമായ പ്രദേശങ്ങളിലെ മുഴുവൻ ആളുകളേയും കേവിഡ് പരിശോധനക്ക് വിധേയരാക്കുന്നതിനും തീരുമാനമായി.
കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പ്രാധാന്യം നൽകിയുള്ള മെഗാ പരിശോധനകളാണ് നടന്നുവന്നിരുന്നത്.
ഇവരിൽ കൂടുതൽ പേരിൽ രോഗം സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തിയിരിക്കുകയാണ്. ഇവരുമായി സന്പർക്കം പുലർത്തിയവർ നിർബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്നും കോവിഡ് പരിശോധക്കു വിധേയരാകണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.