കൊച്ചി: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു ബുദ്ധിമുട്ടനുഭവിക്കുന്ന നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട് ഫോണ്‍ ചലഞ്ചുമായി നടന് മമ്മൂട്ടി.
വീടുകളില്‍ വെറുതെയിരിക്കുന്ന ഉപയോഗയോഗ്യമായ മൊബൈലുകള്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ലെന്ന കാരണത്താല്‍ ഓണ്‍ലൈന്‍ പഠനം നിഷേധിക്കപ്പെടുന്ന കുട്ടികള്‍ക്കു കൈമാറണമെന്ന അഭ്യര്ഥനയാണ് ‘വിദ്യാമൃതം’ എന്ന കാംപയിനിലൂടെ മമ്മൂട്ടി മുന്നോട്ടുവച്ചത്.
സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ്, ലാപ്ടോപ് എന്നിവ ലോകത്ത് എവിടെനിന്നും തങ്ങളെ ഏല്‍പ്പിച്ചാല്‍ അര്‍ഹതപ്പെട്ട കൈകളില്‍ എത്തിക്കുമെന്നു മമ്മൂട്ടി ഉറപ്പുനല്‍കുന്നു.
സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അത് ഒരു കവറിലക്കി തൊട്ടടുത്തുള്ള ‘സ്പീഡ് ആന്‍ഡ് സേഫ്’ കൊറിയര്‍ ഓഫീസില്‍ എത്തിച്ച് ഒരു ഡിക്ലറേഷന്‍ കൂടി കൊടുത്താല്‍ സൗജന്യമായി മൊബൈല്‍ മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ഓഫീസിലേക്ക് അയയ്ക്കാം.
അവിടെ ലഭിക്കുന്ന മൊബൈലുകള്‍ മുന്‍ഗണനാക്രമത്തില്‍ കുട്ടികള്‍ക്ക് എത്തിച്ചുകൊടുക്കും. കൊറിയര്‍ ഓഫീസില്‍ ബന്ധപ്പെടാന്‍ ബുദ്ധിമുട്ടുള്ളവരെ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന് അംഗങ്ങള്‍ സഹായിക്കുമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.