ന്യൂഡൽഹി: ഉത്തർപ്രദേശിൽ മുസ്ലിം വയോധികൻ ആക്രമിക്കപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കും കോൺഗ്രസ് നേതാക്കൾക്കും ട്വിറ്ററിനുമെതിരെ സാമുദായിക സംഘർഷത്തിനു പ്രേരിപ്പിച്ചെന്നാരോപിച്ച് ഗാസിയാബാദ് പോലീസ് കേസെടുത്തു.
അബ്ദുൾ സമദ് എന്നയാൾക്കാണ് ദുരനുഭവം ഉണ്ടായത്. തന്നെ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി താടിമുറിച്ചെന്നും “വന്ദേമാതരം”, “ജയ് ശ്രീ റാം” എന്നിവ വിളിപ്പിച്ചെന്നും വനമേഖലയിലേക്ക് കൊണ്ടുപോയി കുടിലിൽ പൂട്ടിയിട്ടെന്നും ഇയാൾ പറയുന്നു.
മാധ്യമപ്രവർത്തകരായ റാണ അയൂബ്, സബാ നഖ്വി, മുഹമ്മദ് സുബൈർ, വാർത്താ പോർട്ടലായ ദി വയർ, കോൺഗ്രസ് നേതാക്കളായ സൽമാൻ നിസാമി, ഷമ മുഹമ്മദ്, മസ്കൂർ ഉസ്മാനി എന്നിവർക്കെതിരെയാണ് ഗാസിയാബാദ് ലോണി പോലീസ് കേസെടുത്തത്.
“വസ്തുതകൾ പരിശോധിക്കാതെ” ട്വീറ്റ് ചെയ്തെന്നും സംഭവത്തിന് സാമുദായിക നിറം നൽകിയെന്നും ആരോപിച്ചാണ് കേസ്.
“സാമുദായിക സംഘർഷത്തിനു പ്രേരിപ്പിക്കുക” എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ട്വീറ്റുകൾ പങ്കുവച്ചതെന്ന് എഫ്ഐആർ പറയുന്നു. സംഭവത്തിൽ ട്വിറ്ററിനെതിരെയും കേസെടുത്തിട്ടുണ്ട്.
മതസ്പർദ വളർത്തുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ ട്വിറ്റർ നടപടിയെടുത്തിട്ടില്ലെന്നും പരാതിയിൽ പറയുന്നു. ട്വിറ്ററിനും മറ്റ് എട്ടു പേർക്കും എതിരെ 153, 153A, 295 A, 120B, 34 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഓൺലൈൻ വാർത്താ പ്രസിദ്ധീകരണ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്ന പുതിയ കേന്ദ്ര നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം, സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കത്തിന് പ്ലാറ്റ്ഫോമിനെതിരെ കേസെടുക്കുന്ന ആദ്യ സംഭവമാണിത്.
പുതിയ ഐടി നിയമങ്ങൾ അംഗീകരിക്കാൻ ട്വിറ്റർ ഇതുവരെ തയാറാകാത്തതിനാൽ ഉള്ളടക്കുവുമായി ബന്ധപ്പെട്ട നിയമപരമായ പരിരക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്.
അബ്ദുൾ സമദിനെ മുസ്ലിംകളും ഹിന്ദുക്കളുമായ ഏതാനും പേർ മർദിച്ചെന്നാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാൾ വിറ്റ മന്ത്രച്ചരട് പ്രവർത്തിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു മർദനമെന്നും പോലീസ് പറയുന്നു.