കാസര്‍ഗോഡ്: ലോക്ഡൗണില്‍ വാഹനം കിട്ടാതെ വലഞ്ഞ നാട്ടുകാരായ രണ്ടുപേര്‍ക്ക് ലിഫ്റ്റ് നല്‍കിയതിന് കാറുടമയ്ക്ക് പോലീസിന്റെ ശകാരവും പിഴയും.
കാസര്‍ഗോഡ് ചൗക്കി സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്. ഒരപകടത്തില്‍ പരിക്ക് പറ്റിയ മകളുടെ ബാന്‍ഡേജ് മാറ്റുന്നതിനായി കാഞ്ഞങ്ങാട്ടെ ഡോക്ടറുടെ അടുത്തേക്ക് പോകുന്നതിനിടെയാണ് കാസര്‍ഗോട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ രണ്ടുപേരെ ഒപ്പം കയറ്റിയത്.
എന്നാല്‍ കറന്തക്കാട് നിന്ന് കാസര്‍ഗോഡ് ടൗണില്‍ പ്രവേശിക്കുമ്പോള്‍ പോലീസ് തടയുകയായിരുന്നു. മകളുടെ ചികിത്സാരേഖകളും ഒപ്പം കയറിയവരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും കാണിച്ചെങ്കിലും പോലീസ് ശകാരം തുടരുകയായിരുന്നുവെന്ന് പറയുന്നു.
പിന്നീട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് കാര്‍ വിട്ടയച്ചത്. തിരിച്ചെത്തിയ ശേഷം സ്റ്റേഷനില്‍ ചെന്നപ്പോള്‍ 500 രൂപ പിഴയീടാക്കുകയായിരുന്നു.