കോവിഡ് ചികിത്സയ്ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത കെട്ടിടങ്ങള്‍ക്ക് വാടക നല്‍കാത്തതിനെത്തുടര്‍ന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചു.
പാറശാലയിലെ സ്വകാര്യ കോളജ് ഇരുപത്തിയെട്ടര ലക്ഷം രൂപ വാടക നല്‍കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി വിധി അനുകൂലമായാല്‍ സംസ്ഥാനത്ത് നൂറുകണക്കിന് സ്ഥാപനങ്ങള്‍ക്കായി കോടികള്‍ സര്‍ക്കാര്‍ വാടക നല്‍കേണ്ടി വരും.
കോവിഡിന്റെ ആദ്യ വരവില്‍ ലോഡ്ജുകളും ഓഡിറ്റോറിയങ്ങളും കോളജ് ഹോസ്റ്റലുകളുമടക്കം നൂറുകണക്കിന് സ്വകാര്യ സ്ഥാപനങ്ങള്‍ ഏറ്റെടുത്തായിരുന്നു രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും സര്‍ക്കാര്‍ പരിചരിച്ചത്.
ദുരന്തനിവാരനിയമപ്രകാരം ഏറ്റെടുത്ത ഇവയ്ക്ക് വാടക നല്‍കില്ലെന്നായിരുന്നു ആദ്യം തന്നെയുള്ള അറിയിപ്പ്. എന്നാല്‍ രണ്ടാം തരംഗത്തിന്റെ അവസാനഘട്ടമായതോടെ ഇവരില്‍ ചിലര്‍ വാടക ആവശ്യപ്പെട്ടിരിക്കുകയാണ്.
സംസ്ഥാന അതിര്‍ത്തിയായ പാറശാലയില്‍ സി.എഫ്.എല്‍.ടി.സിയായി പ്രവര്‍ത്തിച്ച ഫാര്‍മസി കോളജ് വാടകയായും അറ്റകുറ്റപ്പണിയുടെ ചെലവായും ഇരുപത്തിയെട്ടര ലക്ഷം രൂപ ആവശ്യപ്പെട്ടാണ് കത്ത് നല്കിയതും കോടതിയെ സമീപിച്ചതും.
പാറശാലയിലെ കോളജിന്റെ നീക്കം സംഘടിത നീക്കത്തിന്റെ ഭാഗമെന്നാണ് തദേശസ്ഥാപനങ്ങളുടെ വിലയിരുത്തല്‍. ഏതെങ്കിലും ഒരു സ്ഥാപനത്തിന് വാടക നല്കാന് കോടതി വിധിയായാല് അതേ മാതൃകയില്‍ മറ്റ് സ്ഥാപനങ്ങളും കോടതിയിലെത്തി അനുകൂല വിധി സമ്പാദിക്കാന്‍ സാധ്യതയുണ്ട്.
വാടക ആവശ്യപ്പെട്ടതിന് പിന്നാലെ മൂന്നാംഘട്ടത്തിന് മുന്നോടിയായി സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുമ്പോള്‍ പലരും സഹകരിക്കുന്നുമില്ല. കോവിഡ് പ്രതിരോധത്തിനൊന്നാകെ തിരിച്ചടിയാവുന്നതാണ് ഇത്തരം നീക്കങ്ങള്‍.