തിരുവനന്തപുരം: ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ മുതൽ ബാറുകളിലൂടെയും ഔട്ട്ലെറ്റുകളിലൂടെയും ടോക്കൺ അടിസ്ഥാനത്തിൽ മദ്യം വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ബെവ്ക്യു ആപ് വൈകുമെന്ന സൂചനകൾ ഉള്ളതിനാൽ മദ്യവിതരണവും വൈകാൻ സാധ്യത.
കഴിഞ്ഞ ലോക്ഡൗൺ സമയത്ത് മദ്യം വിതരണം ചെയ്ത ഫെയർകോഡ് കമ്പനിയെയാണ് ഇത്തവണയും മദ്യ വിതരണത്തിന് പരിഗണിക്കുന്നത്.
ഇന്ന് കമ്പനി അധികൃതരുമായി ബെവ്കോ എം ഡി ചർച്ച നടത്തും. ആപ് പ്രവർത്തന സജ്ജമാകാൻ അഞ്ചു ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ഫെയർകോഡ് അധികൃതർ പറയുന്നത്.
സെർവർ സ്പേസ് സജ്ജമാക്കുക, ബാറുകളുടേയും ഔട്ട്ലെറ്റുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തുക, ഒടിപി സംബന്ധിച്ച് മൊബൈൽ കന്പനികളുമായി ധാരണയുണ്ടാക്കുക, ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ മേഖലകളിലെ ബാറുകളെ ആപ്പിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ ഇനിയും പൂർത്തിയാക്കാനുണ്ട്.
ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ബെവ് ക്യൂ ആപ്പിൽ പുതിയ ഓപ്ഷനുകൾ ഉണ്ടാകുമെന്നും അറിയുന്നു.
ആപ്പ് വേണമെന്ന കാര്യം കഴിഞ്ഞ ദിവസം മാത്രമാണ് ഫെയർ കോഡ് കമ്പനിയെ ബെവ്കോ അറിയിച്ചത്. ബംഗ്ലരുവിലെ മറ്റൊരു കമ്പനിയുമായി ചർച്ച നടത്തിയെങ്കിലും അതു വിജയിച്ചിരുന്നില്ല.