ന്യൂഡൽഹി: കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദത്തിനെതിരെ കോവിഷീൽഡ് വാക്സിന്റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമെന്ന് നാഷണല്‍ ടെക്നിക്കല്‍ അഡ്വസൈറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ മേധാവി ഡോ. എൻ.കെ. അറോറ.
യുകെയിൽ ആദ്യം കണ്ടെത്തിയ ആൽഫ വകഭേദത്തിനെക്കാൾ മാരക വ്യാപന ശേഷിയുള്ളതാണ് ഡെൽറ്റ വകഭേദം.
കോവിഷീൽഡ് വാക്സിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേള നീട്ടിയത് സംബന്ധിച്ച് ചർച്ചകൾ നടക്കവേയാണ് അറോറ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
കോവിഷീൽഡിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേളകളുടെ ദൈർഘ്യം 12 ആഴ്ചയായാണ് കേന്ദ്രം വർധിപ്പിച്ചത്.
ഇടവേള വർധിപ്പിച്ചത് സുതാര്യവും ശാസ്ത്രീയ സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ വ്യക്തമാക്കിയിരുന്നു.
ഡോ. എൻ.കെ. അറോറയുടെ പ്രസ്താവനയും ആരോഗ്യമന്ത്രി ട്വിറ്ററിൽ പങ്കുവച്ചിരുന്നു. വാക്സിനുകൾ തമ്മിലുള്ള ഇടവേള 12 ആഴ്ച ആകുമ്പോൾ ഫലപ്രാപ്തി 65 ശതമാനം മുതൽ 88 ശതമാനം വരെ വ്യത്യാസപ്പെട്ടിരിക്കുന്നതായി യുകെ ഹെൽത്ത് റെഗുലേറ്റർ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ പഠനത്തെ ഉദ്ധരിച്ച് ഡോ. അറോറ പറയുന്നു.