തിരുവനന്തപുരം: ആർസിസിയിൽ ലിഫ്റ്റ് തകർന്ന് പരിക്കേറ്റ യുവതി മരിച്ചു. പത്തനാപുരം കുണ്ടയം ചരുവിള വീട്ടിൽ നദീറ (22) ആണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നദീറ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞ മാസം 15 ന് പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം.
ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കാനെത്തിയതായിരുന്നു നദീറ. അപായ സൂചന അറിയിപ്പ് നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്ന് രണ്ട് നില താഴ്ചയിലേക്ക് വീണായിരുന്നു അപകടം.
നദീറയുടെ തലച്ചോറിനും തുടയെല്ലിനും മാരകമായ ക്ഷതമേറ്റു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവിൽ ചികിത്സയിൽ കഴിയവെയാണ് മരണം. അപടവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു.
അർബുദ രോഗിയായ മാതാവ് നസീമയുടെ ചികിത്സയ്ക്കു പണം കണ്ടെത്താൻ പ്രയാസപ്പെടുന്നതിനിടെയാണ് നദീറയ്ക്കു അപകടം സംഭവിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നു ഇവരുടെ ഭർത്താവ് ഏറെ നാളായി ജോലിക്കു പോകുന്നില്ല. അമ്മയും ഒരു വയസുള്ള മകളും അടങ്ങുന്ന നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു നദീറ.