തിരുവനന്തപുരം : തനിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന ആരോപണം വന്നപ്പോൾ പാർട്ടിയിൽനിന്നും ആരും പ്രതികരിച്ചില്ലെന്നും ഇതു വല്ലാതെ വേദനയുണ്ടാക്കിയെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഓർമവച്ച നാൾ മുതൽ കോണ്‍ഗ്രസുകാരനായി വളർന്നുവന്ന താൻ ബിജെപിക്കാരനാണെന്നു പറഞ്ഞപ്പോൾ പല സ്നേഹിതൻമാരും അതിനോടൊപ്പം ചേർന്നു ഫേസ്ബുക്കിൽ പോസ്റ്റിട്ടു.
ഈ മനോവികാരത്തിലാണ് ഇപ്പോൾ കെ.സുധാകരനെ അനുകൂലിച്ചു എഫ്ബിയിൽ പ്രതികരിച്ചത്. ഇതായിരിക്കണം നമ്മുടെ വികാരം.
കോണ്‍ഗ്രസിന്റെ ശത്രു കോണ്‍ഗ്രസ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റായി കെ. സുധാകരൻ ചുമതലയേറ്റ ചടങ്ങിലായിരുന്നു രമേശ് ചെന്നിത്തലയുടെ വിമർശനം.
ബിജെപി മുഖ്യ ശത്രുവല്ലെന്നുള്ള കെ.സുധാകരന്റെ പരാമർശത്തിൽ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മറുപടി പറയണമെന്നും സുധാകരനു ബിജെപിയുമായി ബന്ധമുണ്ടെന്നും കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞിരുന്നു.
ഈ പശ്ചാത്തലത്തിലാണു സുധാകരന് അനുകൂലമായി രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ടായിരുന്നു ഇന്നലെ കെപിസിസിയിൽ നടന്ന പരിപാടിയിൽ ഉമ്മൻചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ രമേശ് ചെന്നിത്തല പാർട്ടി നേതൃത്വത്തിനെതിരേ ശക്തമായ വിമർശനം നടത്തിയത്.
ചിരിക്കുന്നവരെല്ലാം സ്നേഹിതന്മാരാണെന്നു സുധാകരൻ കരുതരുതെന്നും മുന്നിൽ വന്നു പുകഴ്ത്തുന്നവരെല്ലാം നമുക്കൊപ്പം ഉണ്ടാകില്ലെന്നും ഇതാണു തന്റെ അനുഭവമെന്നുമായിരുന്നു പുതിയ കെപിസിസി പ്രസിഡന്റിന് അദ്ദേഹം നൽകിയ ഉപദേശം.
കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അഴിമതികൾ ഓരോന്നായി ഉയർത്തിക്കൊണ്ടുവരുന്നതിൽ പ്രതിപക്ഷം വിജയിച്ചു. എന്നാൽ കോവിഡാണ് ഇടതുമുന്നണിക്കു തുടർഭരണം നൽകിയത്.
പിണറായി വിജയൻ കേരളം കണ്ട ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്നും അഴിമതിയുടെ ഒടുവിലത്തെ ഉദാഹരണമാണു മരം മുറി കൊള്ളയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കടുത്ത വെല്ലുവിളികൾക്കിടയിലാണു താൻ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റെടുത്തതെന്നും സ്ഥാനം ഒഴിയുന്പോൾ ഒരു വർഷം കൂടി നടത്തിക്കൊണ്ടുപോകാനുള്ള സാന്പത്തിക ശേഷി ഇപ്പോൾ കെപിസിസിക്കുണ്ടെന്നും വിടവാങ്ങൽ പ്രസംഗത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ രണ്ടര വർഷം ആരുടെയും മുന്നിൽ കെപിസിസിക്കു കൈ നീട്ടേണ്ടി വന്നിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടായിരുന്നു. ഇക്കാര്യം പല ഘട്ടങ്ങളിലും താൻ പറഞ്ഞപ്പോൾ സ്വന്തം പാർട്ടിക്കാർ പോലും വിശ്വസിച്ചില്ല.
പിന്നീട് ആർഎസ്എസ് നേതാവു തന്നെ ഇക്കാര്യം വെളിപ്പെടുത്തിയപ്പോഴാണു താൻ പറഞ്ഞ കാര്യം എല്ലാവർക്കും ബോധ്യപ്പെട്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.
സിപിഎമ്മിന്റെയും ബിജെപിയുടെയും ദേശീയ നേതൃത്വം അറിഞ്ഞാണു ധാരണയുണ്ടാക്കിയത്. മോദിയും പിണറായിയും തമ്മിൽ ഉണ്ടാക്കിയ ബന്ധത്തിന്റെ ജാരസന്തതിയാണു രണ്ടാം പിണറായി സർക്കാർ. ന്യൂനപക്ഷങ്ങൾക്കൊപ്പം ജീവൻ കൊടുത്തു നിന്നതു കോണ്‍ഗ്രസാണ്. ഇതു ഗൗരവമായി അവർ ചിന്തിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.