വൈത്തിരി: വിദ്യാർത്ഥികൾക്ക് ഓണ്‍ലൈൻ പഠനം ആരംഭിച്ചതോടെ പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരി മേഘലയിൽ മൊബൈൽ ഫോണുകൾക്ക് ടവറുകൾ ഇല്ലാത്തതിനാൽ ഇന്റർനെറ്റ് അടക്കമുള്ള സൗകര്യമില്ലാത്ത വിദ്യാർഥികൾ ദുരിതം അനുഭവിക്കുന്നു.
ക്ലാസുകൾ ആരംഭിച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും ഓണ്‍ലൈൻ പഠനത്തിനു മിക്ക വീടുകളും ഇന്റർനെറ്റ് പരിധിക്കു പുറത്തായതിനാൽ ലഭ്യമായ പ്രദേശങ്ങൾ തേടി അലയുകയാണിവർ.
ജില്ലയിലെ ഏറ്റവും കൂടുതൽ പട്ടികവർഗ കുടുംബാംഗങ്ങൾ താമസിക്കുന്ന അന്പ, കുപ്പ് മേഖലയിലാണ് മൊബൈൽ കണക്ടിവിറ്റി ഒട്ടും ഇല്ലാത്തത്. ആയിരത്തോളം കുടുംബങ്ങൾ ഇവിടങ്ങളിൽ താമസിക്കുന്നുണ്ട്.
പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ ഈ ഭാഗങ്ങളിലുണ്ട്. നിലവിൽ പൊഴുതനയിൽ നിന്നുള്ള ബിഎസ്എൻഎൽ ടവർ മാത്രമാണ് ഏക ആശ്രയം.
ഇവിടെ നിന്നും മാവേലി, പ്ലാന്‍േറഷൻ, ചെന്നായ്കവല തുടങ്ങിയ ചില സ്ഥലങ്ങളിൽ മാത്രമേ ഫോണിൽ ഭാഗികമായി നെറ്റ്വർക് ലഭിക്കു. അത്യാവശ്യമായി ആരെയെങ്കിലും വിളിക്കണമെങ്കിൽ പാറപ്പുറത്തോ മരത്തിലോ കയറേണ്ട സ്ഥിതിയാണ്.
കാലവർഷം ആരംഭിക്കുന്പോൾ വൈദ്യുതി തടസം പതിവാകുന്ന പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരിയിലെ പല സ്ഥലത്തും ടവറും മൊബൈലും പണിമുടക്കുന്നതു പതിവാണ്.
നിരവധി പാരാതികൾ ഉയർന്നിട്ടും മറ്റു സ്വകാര്യ സേവനദാതാക്കൾ സുഗന്ധഗിരിയിൽ ടാവറുകൾ ആരംഭിക്കാനുള്ള നടപടി ആരംഭിച്ചിട്ടില്ല. ബിഎസ്എൻഎൽ ആകട്ടെ വേഗം കുറവാണെന്ന പരാതിയുമുണ്ട്.
വിദ്യാർഥികളെ മാത്രമല്ല കോവിഡ് കാലത്തു കുത്തിവയ്പിനുള്ള ഓണ്‍ലൈൻ റജിസ്ട്രേഷൻ നടത്താൻ പ്രയാസം നേരിടുന്നതായി പരാതിയുണ്ട്.
കഴിഞ്ഞ വർഷം പഞ്ചായത്തിലെ പല കേന്ദ്രങ്ങളിലും ഒരുക്കിയ പഠനകേന്ദ്രത്തിലെത്തിയായിരുന്നു ഓണ്‍ലൈൻ ക്ലാസ് നടന്നത്. അന്നു ചാനൽ വഴിയായിരുന്നു ക്ലാസ്.
സംസ്ഥാന സിലബസിലുള്ള വിദ്യാർഥികൾക്ക് വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓണ്‍ലൈൻ ക്ലാസുകൾ ലഭിക്കുന്നുണ്ടെങ്കിലും മറ്റു കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും സും, ഗൂഗിൾ മീറ്റ് തുടങ്ങിയ വഴിയുള്ള ക്ലാസുകൾ ദുഷ്കരമാണ്.
സംഭവത്തിൽ ടി. സിദ്ദിഖ് എംഎൽഎ മന്ത്രി കെ. രാധകൃഷ്ണനുമായി ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്.