പത്തനംതിട്ട: തറയിൽ ഫിനാൻസുമായി ബന്ധപ്പെട്ട പണമിടപാടുകളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉടമ സജി സാം വെളിപ്പെടുത്തുന്നില്ല.
ഇന്നലെ രാവിലെ പത്തനംതിട്ട ഡിവൈഎസ്പി മുന്പാകെ കീഴടങ്ങിയ സജി സാമിൽ നിന്നും പ്രാഥമിക വിവരങ്ങളാണ് പോലീസ് തേടിയത്. ചോദ്യം ചെയ്യൽ തുടരുകയാണ്. ഇന്ന് കോടതിയിൽ ഹാജരാക്കുമെങ്കിലും കസ്റ്റഡി അപേക്ഷയും പോലീസ് നൽകും.
നിക്ഷേപകർ പണം ആവശ്യപ്പെട്ടപ്പോൾ തിരികെ നൽകാൻ കഴിയാതെ മാസങ്ങളായി സജി ബുദ്ധിമുട്ടിലായിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെയാണ് ജൂണ് നാലുമുതൽ സജി ഫോണും സ്വിച്ച് ഓഫാക്കി.
സ്ഥാപനങ്ങളും വീടും അടച്ചതോടെ ഇയാൾ മുങ്ങിയെന്ന നിഗമനത്തിലായി നിക്ഷേപകർ. ഇതോടെയാണ് പോലീസിൽ പരാതികളെത്തിയത്. പരാതികൾ ഇപ്പോഴും അടൂർ, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളിലായി എത്തുന്നുണ്ട്.
47 പരാതികളാണ് ഇന്നലെ വരെ ലഭിച്ചതെന്ന് പോലീസ് പറയുന്നു. 70 കോടിയിൽപരം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് വിവരം.
സാന്പത്തിക ഞെരുക്കത്തിലായ സജി സാമിന്റെ സ്വത്തുക്കൾ പലതും നിക്ഷേപകർ ഇതിനോടകം കൈവശപ്പെടുത്തിയതായി പറയുന്നു.
മൂന്ന് ആഡംബര കാറുകളും 20 സെന്റ് സ്ഥലവും ഇത്തരത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഓമല്ലൂരിൽ ഭാര്യയുടെ ലൈസൻസിയിലുള്ള പെട്രോൾ പന്പിന് 80 ലക്ഷം രൂപയോളം ബാധ്യതയുണ്ട്.
കോവിഡും ലോക്ഡൗണും ഉയർത്തിയ പ്രശ്നങ്ങളാണ് ബിസിനസ് തകർത്തതെന്ന് പറയുന്പോഴും പോപ്പുലർ ഫൈനാൻസിയേഴ്സിനുണ്ടായ തകർച്ച തറയിൽ ഫിനാൻസിന്റെ മുന്പോട്ടുള്ള പ്രയാണത്തെ തടയിട്ടുവെന്ന സൂചനയുണ്ട്.
പത്തനംതിട്ട രജിസ്റ്റേർഡ് ഓഫീസിനു പുറമേ ഓമല്ലൂർ, അടൂർ, പത്തനാപുരം എന്നിവിടങ്ങളിലാണ് തറയിൽ ഫിനാൻസിന് ശാഖകളുണ്ടായിരുന്നത്.
പോലീസ് അന്വേഷണത്തിൽ മൂന്നു സെന്റിൽ നിർമിച്ച വീടും പെട്രോൾ പന്പിന്റെ ലൈസൻസും ഒരു കടമുറിയുമാണ് നിലവിൽ സജി സാമിന്റെ കുടുംബത്തിന്േറതായി ഉള്ളതെന്ന് പറയുന്നു.
അപ്പോഴും നിക്ഷേപകർക്ക് പണം മടക്കി നൽകാമെന്ന ആത്മവിശ്വാസം സജി കൈവിട്ടിട്ടില്ലെന്നത് ശ്രദ്ധേയമാണ്.