ആലപ്പുഴ മാരാരിക്കുളം ചെത്തി കടപ്പുറത്തുനിന്നു മത്സ്യബന്ധനത്തിനുപോയ തൊഴിലാളികളുടെ വലയില്‍ വിമാനാവശിഷ്ടം കുരുങ്ങി. വലയില്‍ കുരുങ്ങിയ സാമഗ്രി വിമാനത്തിന്റേതാണെന്നു തോന്നിയതിനാല്‍ വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ കരയിലെത്തിക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു. തൊഴിലാളികള്‍ കരക്കെത്തിച്ച വിമാന അവശിഷ്ടം ചേര്‍ത്തല ഡിവൈഎസ്പി എം. രമേഷ് കുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം അര്‍ത്തുങ്കല്‍ സ്റ്റേഷനിലേക്കു മാറ്റി.
ജില്ലാ പോലീസ് മേധാവി എറണാകുളം കളക്ടര്‍ മുഖേന കൊച്ചിയിലെ നാവിക ആസ്ഥാനത്ത് സംഭവം അറിയിച്ചു. നാവിക സേന വിദഗ്ദര്‍ ഇന്ന് അര്‍ത്തുങ്കല്‍ സ്റ്റേഷനിലെത്തി പരിശോധന നടത്തും. രണ്ടു മീറ്ററോളം നീളമുള്ളതും വിമാനത്തിന്റെ ചിറകിനോട് രൂപ സാദൃശ്യമുള്ളതാണു ലഭിച്ച സാമഗ്രി. അതില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണത്തില്‍ രേഖപ്പെടുത്തലുകളും ഉണ്ട്. ഐഎഐ മലാട്ട് ഡിവിഷന്‍, മിലിട്ടറി എയര്‍ക്രാഫ്റ്റ് ഗ്രൂപ്പ്, ഇസ്രായേല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന് ഇംഗ്ലീഷിലുള്ള രേഖപ്പെടുത്തലാണ് ഉള്ളത്. 2011 മേയില്‍ നിര്‍മിച്ചതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.