എരുമേലി: അപൂർവ രോഗത്തിന്റെ വേദനകളെ തോൽപ്പിച്ച് ഐഎഎസ് കടന്പ വരെ എത്തിയ എരുമേലിയുടെ പ്രിയപ്പെട്ട ലത്തീഷ അൻസാരി (27) യെ ഒടുവിൽ മാഞ്ഞു.
ഇന്നലെ രാവിലെ എട്ടോടെയായിരുന്നു വിയോഗം. ശ്വാസതടസം മൂലം പാലാ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
ഇന്നലെ വൈകുന്നേരം എരുമേലി നൈനാർ മസ്ജിദിൽ കബറടക്കി.എരുമേലി പുത്തൻപീടികയിൽ അൻസാരി – ജമീല ദന്പതികളുടെ മകളാണ് ലത്തീഷ പിറന്നുവീണത്അസ്ഥികൾ ലോപിച്ച് നുറുങ്ങി പൊടിയുന്ന അപൂർവ രോഗവുമായിട്ടായിരുന്നു.
ശ്രദ്ധയോടെ അവളെ എടുത്തില്ലെങ്കിൽ എല്ലുകൾ നുറുങ്ങുമെന്നും പ്രത്യേകിച്ചു മരുന്നോ ചികിത്സയോ ഈ രോഗത്തിന് ഇല്ലെന്നും സൂഷ്മമായ പരിചരണം എപ്പോഴും അനിവാര്യമാണെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്.
വേദനകളോട് മല്ലിട്ട ലത്തീഷയ്ക്ക് താങ്ങും തണലും എല്ലാം ഹോട്ടൽ ഉടമയായ പിതാവ് അൻസാരിയായിരുന്നു.
ദീപിക പത്ര വിതരണക്കാരനായ എരുമേലി സ്വദേശി സണ്ണിയുടെ ഓട്ടോറിക്ഷയിലായിരുന്നു യാത്രകൾ. എരുമേലി സെന്റ് തോമസ് സ്കൂളിൽ എസ്എസ്എൽസിയും പ്ലസ് ടുവും ഉന്നത മാർക്കോടെ വിജയിച്ചു.
എരുമേലി എംഇഎസ് കോളജിൽ പഠിച്ച് ബികോം ബിരുദവും പിന്നെ എംകോം മാസ്റ്റർ ബിരുദവും നേടി. തുടർന്ന് പാലായിൽ സിവിൽ സർവീസ് പഠനം പൂർത്തിയാക്കി.
പരിശീലനത്തിന്റെ ഭാഗമായി എരുമേലി സർവീസ് സഹകരണ ബാങ്കിൽ ജോലി ചെയ്തു. അപ്പോഴെല്ലാം അപൂർവരോഗം വിടാതെ പിന്തുടരുന്നുണ്ടായിരുന്നു.
കടുത്ത ശ്വാസതടസം അടുത്തരോഗമായി അപ്പോഴേക്കും എത്തിതുടങ്ങിയിരുന്നു. എൻട്രൻസ് പരീക്ഷ എഴുതാൻ കൊണ്ടുനടക്കാവുന്ന ഓക്സിജൻ കോണ്സെൻട്രേറ്ററിന്റെ സഹായം വേണ്ടി വന്നു. അന്നത്തെ കളക്ടർ പി.കെ. സുധീർ ബാബു വിവരം അറിയുകയും പോർട്ടബിൾ ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെ കോണ്സെൻട്രേറ്റർ അവൾക്ക് നൽകുകയും ചെയ്തു.
ആരോഗ്യകേരളം പാലിയേറ്റീവ് പദ്ധതിയിലൂടെ ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ രണ്ടുലക്ഷം രൂപ വരുന്ന കോണ്സെൻട്രേറ്ററാണുനൽകിയത്.
ശ്വസന സഹായമില്ലാതെ അന്ന് പരീക്ഷ എഴുതാൻ ബുദ്ധിമുട്ടായിരുന്ന ലത്തീഷയ്ക്ക് പിതാവ് പ്രത്യേക അനുമതി വാങ്ങിയാണ് പരീക്ഷാഹാളിൽ ഓക്സിജൻ ഉപകരണം ഒരുക്കി നൽകിയത്.
ലത്തീഷ ഗ്ലാസുകളിൽനന്നായി ചിത്രം വരയ്ക്കുമായിരുന്നു. കീബോർഡ് സംഗീതത്തിലൂടെ ഒട്ടേറെ ഗാനങ്ങൾ ഈണം നൽകിയത് ശ്രദ്ധേയമായിരുന്നു. മികച്ച ഈ കഴിവുകളിലൂടെ വിരൽ തുന്പിലെ വിസ്മയം എന്നാണ് ലത്തീഷ അറിയപ്പെട്ടിരുന്നത്.
സിനിമാ താരങ്ങൾ ഉൾപ്പെടെ നിരവധി പ്രശസ്തർക്കൊപ്പം വേദികളിൽ ലത്തീഷ പങ്കെടുത്തു. പോസിറ്റീവ് എനർജി പകരുന്ന വ്യക്തിത്വമായും മികച്ച മോട്ടിവേഷണൽ സ്പീക്കറായും വിവിധ സംഘടനകൾ ലത്തീഷയെയാണു തെരഞ്ഞെടുത്തത്. ഒട്ടേറെ പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചു.