റിയോ ഡി ജനീറോ: രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം സജീവമായ കോപ്പ അമേരിക്ക ഫുട്ബോളില്‍ ആതിഥേയരായ ബ്രസീല്‍ വിജയം ആവര്‍ത്തിച്ചു. ആദ്യ കളിക്കിറങ്ങിയ പെറുവിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് നെയ്മറും സംഘവും തകര്‍ത്തുവിട്ടത്.
ഇന്ത്യന്‍സമയം ഇന്നു പുലര്‍ച്ചെ 5.30നായിരുന്നു എ ഗ്രൂപ്പിലെ മത്സരം. കളിയുടെ ആദ്യാവസാനംവരെ ബ്രസീലിന്റെ ആധിപത്യമാണ് കണ്ടത്. ബ്രസീലിനായി സൂപ്പര്‍താരം നെയ്മര്‍, അലെക്സ് സാന്‍ഡ്രോ, എവര്ട്ടണ് റിബൊയ്റോ, റിച്ചാര്ലിസണ് എന്നിവരാണ് ലക്ഷ്യം കണ്ടത്.
ഗോളടിക്കുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത നെയ്മറിന്റെ നിറഞ്ഞാട്ടമാണ് പെറുവിനെതിരേ കണ്ടത്. ആദ്യകളിയില്‍ വെനസ്വേലയ്ക്കെതിരേ കളിച്ച മികവു നെയ്മറും കൂട്ടരും പെറുവിനെതിരേയും പുറത്തെടുത്തു. ഇതോടെ രണ്ടാം വിജയത്തോടെ മഞ്ഞപ്പട നിലഭദ്രമാക്കി.
4-2-3-1 ശൈലിയിലാണ് ഇരു ടീമും കളിച്ചത്. തുടക്കത്തില്‍ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുകൂട്ടര്‍ക്കുമായില്ല. ഇതോടെ മത്സരം അല്പം വിരസത തോന്നിപ്പിച്ചു. തുടര്‍ന്നു 11ാം മിനിറ്റിലാണ് ബ്രസീലില്‍ നിന്നു ഗോള്‍ ശ്രമം കണ്ടത്. ഫെഡ്രിന്റെ നീണ്ട ഷോട്ട് അകന്നു പോയി.
12ാം മിനിറ്റില്‍ ബ്രസീല്‍ മുന്നിലെത്തി. പ്രതിരോധക്കാരന് അലെക്സ് സാന്‍ഡ്രോ ആദ്യഗോള്‍ നേടി. ഗബ്രിയേല്‍ ജെസ്യൂസ് നല്കിയ സുന്ദരമായ പാസ് സ്വീകരിച്ചു അലെക്സ് സാന്‍ഡ്രോ ഗോള്‍ നേടുകയായിരുന്നു. ഇതോടെ പെറു ഉണര്‍ന്നെങ്കിലും ബ്രസീല്‍ പ്രതിരോധത്തെ പരീക്ഷിക്കാനായില്ല.
പെറുവിന്റെ മുന്‍നിരയ്ക്കു പ്രതീക്ഷിച്ച മികവും പുറത്തെടുക്കാനായില്ല. 53ാം മിനിറ്റില്‍ ബ്രസീലിന്റെ ഡാനിലോയുടെ തകര്‍പ്പന്‍ ഷോട്ട് ലക്ഷ്യത്തിലെത്തിയെന്നു തോന്നിപ്പിച്ചെങ്കിലും പെറുവിന്റെ പോസ്റ്റിനു മുകളിലൂടെ അകന്നു പോയി. 61ാം മിനിറ്റില്‍ ബ്രസീല്‍ രണ്ടാമത്തെ ഗോള്‍ നേടുമെന്നു തോന്നിപ്പിച്ചു.
പന്തുമായി ബോക്സിലേക്കു കുതിച്ച നെയ്മറെ പെറുവിന്റെ മധ്യനിര താരം ടാപ്പിയ പിടിച്ചു തള്ളിയതിനു റഫറി പെനാല്‍റ്റി വിധിച്ചു. ഉടന്‍ തീരുമാനം മാറ്റി. തുടര്‍ന്നു ഏതാനും സമയം വാറിലൂടെ പരിശോധിച്ചു പെനാല്‍റ്റി അനുവദിച്ചില്ല. എന്നാല്‍ നെയ്മര്‍ അടുത്ത നിമിഷം ഗോള്‍ നേടി.
68ാം മിനിറ്റില്‍ പന്തുമായി മുന്നേറിയ നെയ്മര്‍ ബോക്സിനു തൊട്ടകലെ നിന്നു പായിച്ച ഗ്രൗണ്ട് ഷോട്ട് പെറു ഗോളിക്കു ഒരവസരവും നല്‍കാതെ വലയില്‍ കയറി. മറുവശത്തു 78ാം മിനിറ്റില്‍ പെറുവിന്റെ അലെക്സ് വലേറയ്ക്കു ബ്രസീല്‍ ഗോള്‍മുഖത്തു വച്ചു നല്ലൊരു അവസരം ലഭിച്ചെങ്കിലും പന്തു പോസ്റ്റിനു മുകളിലൂടെ ഉയര്‍ന്നു പോയി.
അവസാന നിമിഷം ബ്രസീലില്‍ നിന്നു അതിസുന്ദരമായ കളിയാണ് കണ്ടത്. 89ാം മിനിറ്റില്‍ എവര്ട്ടണ് റിബൊയ്റോയിലൂടെ ബ്രസീല്‍ മൂന്നാംഗോള്‍ നേടി. നെയ്മറിന്റെ മനോഹരമായ ക്രോസിലൂടെയായിരുന്നു ഈ ഗോള്‍. തൊട്ടുപിന്നാലെ കളിയുടെ അധികസമയത്ത് റിച്ചാര്ലിസണ് മഞ്ഞപ്പടയുടെ നാലാം ഗോള്‍ നേടി പട്ടിക തികച്ചു.
കളിയിലുടനീളം മികച്ച പ്രകടനമാണ് നെയ്മര്‍ കാഴ്ചവച്ചത്.എ ഗ്രൂപ്പില്‍ കൊളംബിയ- വെനസ്വേല മത്സരം ഗോള്‍ രഹിത സമനിലയായി. ആദ്യകളി ജയിച്ച കൊളംബിയയ്ക്കു വെനസ്വേലയ്ക്കെതിരേ വിജയം സ്വന്തമാക്കാനായില്ല.
ടീമിലെ 12 താരങ്ങള്‍ക്കു കോവിഡ് ബാധിച്ചതോടെ ദുര്‍ബലമായ നിരയാണ് വെനസ്വലേയുടേത്. നാളെ പുലര്‍ച്ചെ 2.30ന് എ ഗ്രൂപ്പിലെ ചിലി ബൊളീവിയയെയും പുലര്‍ച്ചെ 5.30ന് അര്‍ജന്റീന യുറാഗ്വെയെയും നേരിടും.