കുമരകം: തന്റെ ബാങ്ക് അക്കൗണ്ടിൽനിന്നു പണം പിൻവലിച്ചതിനെതിരേ പോലീസിൽ പരാതിപ്പെട്ടതോടെ ബന്ധുക്കളിൽനിന്നും ജീവന് ഭീഷണിയുണ്ടെന്നും കേസ് പിൻവലിക്കാൻ സമ്മർദമുണ്ടെന്നും കായലിന്റെ കാവലാളായ രാജപ്പൻ.
വള്ളത്തിൽ സഞ്ചരിച്ച് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ വിറ്റ് കിട്ടിയ പണവും തന്റെ പരിസ്ഥിതി സ്നേഹം അറിഞ്ഞ് ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്നും ലഭിച്ച പണവും നിക്ഷേപിച്ചിരുന്ന അക്കൗണ്ടിൽനിന്നുമാണ് അഞ്ചു ലക്ഷം രൂപ സഹോദരി കൈക്കലാക്കിയത്. എന്തെല്ലാം ഭീഷണി ഉണ്ടെങ്കിലും തന്റെ പണം തിരികെ ലഭിക്കാതെ കേസ് പിൻവലിക്കില്ലെന്ന് രാജപ്പൻ പറഞ്ഞു.
രാജപ്പൻ നൽകിയ പരാതിയെ തുടർന്ന് സഹോദരി ചെത്തിവേലിൽ വിലാസിനി, ഭർത്താവ് കുട്ടപ്പൻ, മകൻ ജയലാൽ എന്നിവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുകയും രാജപ്പന്റെ മൊഴി എടുക്കുകയും ചെയ്തു.
സഹോദരനായ രാജപ്പനുവേണ്ടി വീടും സ്ഥലവും ഏർപ്പാടാക്കാനാണ് ബാങ്കിൽനിന്നും പണം പിൻവലിച്ചത് എന്നായിരുന്നു വിലാസിനിയുടെ ആദ്യ വിശദീകരണം.
പണം എടുത്ത ദിവസംതന്നെ കൈപ്പുഴമുട്ട് പാലത്തിനുസമീപം വള്ളത്തിൽവച്ചു പണം രാജപ്പനു കൈമാറിയെന്നും രാജപ്പൻ പണം സഹോദര പുത്രനായ സതീഷിന് നൽകിയെന്നുമാണ് പിന്നീട് ഇവർ പറഞ്ഞത്.