കല്ലറ: ടിപ്പർ, ടോറസ് വാഹനങ്ങളുടെ അമിത വേഗം കൊലവിളിയായി മാറുന്നു.ഇന്നലെ കല്ലറയിൽ 21 കാരന്റെ ജീവൻ പൊലിഞ്ഞ റോഡപകടത്തിനു കാരണം ടോറസ് ലോറിയുടെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും.
മാഞ്ഞൂർ മേമ്മുറി അന്പലത്തിങ്കൽ മുരളീധരന്റെ മകൻ മഹേഷാ(23)ണ് ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത്. കുറുപ്പന്തറ-ഇടയാഴം റോഡിൽ കല്ലറ കളന്പുകാട്ട് ടോറസ് ലോറി ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.
ബൈക്കോടിച്ചിരുന്ന യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കല്ലറ എസ്ബിഐ ബാങ്കിനുസമീപത്തുനിന്നും മാൻവെട്ടം ഭാഗത്തേക്കു വരുകയായിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും ചേർത്തല ഭാഗത്തേക്കു പോകുകയായിരുന്ന ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം.
ഇന്നലെ രാത്രി 8.30നു കളന്പുകാട് പാലത്തിന് സമീപത്തായായിരുന്നു സംഭവം. അപകടത്തിൽ മരിച്ച മഹേഷിന്റെ മൃതദേഹം ടോറസിന്റെ ടയറുകൾ കയറി ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.
അപകടമുണ്ടായ ഉടൻതന്നെ ടോറസിലുണ്ടായിരുന്നവർ വാഹനത്തിൽനിന്ന് ഇറങ്ങിയോടി. അപകടം നടന്നയുടൻ ഇതുവഴിപോയ പല വാഹനങ്ങൾക്കും കൈകാണിച്ചെങ്കിലും ആരും വാഹനം നിർത്താൻ തയാറായില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
പിന്നീട് 25 മിനിട്ട് വൈകി പോലീസ് ജീപ്പിൽ കടുത്തുരുത്തി പോലീസും കല്ലറ പഞ്ചായത്തംഗം അരവിന്ദ് ശങ്കറും ചേർന്നാണ് ഏറ്റുമാനൂർ കാരിത്താസ് ആശുപത്രിയിൽ എത്തിച്ചത്.
അമിതവേഗം നിയന്ത്രിക്കണം
കല്ലറ: കുറവിലങ്ങാട് – ആലപ്പുഴ മിനി ഹൈവേയിലെ കുറുപ്പന്തറ-ഇടയാഴം റോഡിൽ കുറുപ്പന്തറ റെയിൽവേ ഗേറ്റ് മുതൽ ബണ്ട് റോഡ് വരെ ടിപ്പർ-ടോറസ് ലോറികളുടെ അമിതവേഗം നിയന്ത്രിക്കണമെന്നു നാട്ടുകാർ ആവശ്യപെട്ടു.
അമിത വേഗത്തിൽ പോകുന്ന ടിപ്പർ-ടോറസ് ലോറികളിൽ നിന്നു മണ്ണും കല്ലും റോഡിലേക്കു വീഴുന്നതും ഇതുമൂലം അപകടം ഉണ്ടാകുന്നതും പതിവാണ്.
ടിപ്പറുകളുടെ അമിതവേഗം മൂലം കുറുപ്പന്തറ – ഇടയാഴം റോഡിൽ ഇതിനു മുന്പും ഇരുചക്ര വാഹന യാത്രികരുടെയും കാൽനടയാത്രക്കാരുടെയും ജീവൻ പൊലിഞ്ഞിട്ടുണ്ട്.
അമിതവേഗത്തിൽ പായുന്ന ടിപ്പറുകൾക്കെതിരേ ശക്തമായ നടപടി എടുക്കണമെന്ന് കല്ലറ പഞ്ചായത്തിലെ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
പൊടിശല്യം മൂലം വ്യാപാരികൾക്കു സ്ഥാപനങ്ങളിൽ ഇരിക്കാൻ കഴിയാത്ത സ്ഥിതിയും ഉണ്ട്. കുറുപ്പന്തറ- കല്ലറ റോഡിൽ കുറുപ്പന്തറ റെയിൽവേഗേറ്റ് മുതൽ ബണ്ട് റോഡ് വരെ ടിപ്പർ- ടോറസ് ലോറികളുടെ അമിതവേഗം നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നു വ്യാപാരികളും നാട്ടുകാരും ഇരുചക്ര വാഹന യാത്രക്കാരും ആവശ്യപ്പെട്ടു.