തിരുവനന്തപുരം: ബ്രണ്ണൻ കോളജിൽ പഠിക്കുന്ന കാലത്ത് പിണറായി വിജയനെ താൻ ചവിട്ടി വീഴ്ത്തിയെന്ന കെ.സുധാകരന്റെ പരാമർശവും അതിന് പിണറായി വിജയൻ അതേ നാണയത്തിൽ മറുപടി നൽകിയതും ചർച്ചാ വിഷയമായിരിക്കെ സുധാകരന്റെ പരാമർശം അനുചിതമായെന്ന അഭിപ്രായവുമായി കോൺഗ്രസ് നേതാവ് മന്പറം ദിവാകരൻ രംഗത്ത്.
സമൂഹ മാധ്യമങ്ങളിൽ ഇരുനേതാക്കളുടേയും അനുയായികൾ ചേരിതിരിഞ്ഞ് കയ്യടിക്കുന്പോഴാണ് കെ.സുധാകരൻ പക്വത കാണിക്കണമെന്ന് തുറന്നടിച്ച് കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ രംഗത്തെത്തിയത്.
മുഖ്യമന്ത്രിക്കെതിരെ കാമ്പസ് കഥകളല്ല പറയേണ്ടതെന്നും ഈ രാഷ്ട്രീയം കോൺഗ്രസിന് ഗുണം ചെയ്യില്ലെന്നും മന്പറം ദിവാകരൻ അഭിപ്രായപ്പെട്ടു.
ഇന്നത്തെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കെപിസിസി അധ്യക്ഷൻ പറയേണ്ടത്. സുധാകരനെ കെപിസിസി അധ്യക്ഷനാക്കും മുൻപേ തന്നെ താൻ ആശങ്ക നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും മന്പറം ദിവാകരൻ പറഞ്ഞു.
ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് മന്പറം ദിവാകരൻ കെ.സുധാകരന്റെ പരാമർശത്തോട് അനിഷ്ടം പ്രകടിപ്പിച്ചത്.
പിണറായി വിജയനെ സുധാകരൻ അടിച്ചിട്ട കഥ മുന്‍പ് കേട്ടിട്ടില്ല. 1965-66 കാലഘട്ടത്തില്‍ കെ സുധാകരൻ ബ്രണന്‍ കോളേജില്‍ പഠിക്കുമ്പോള്‍ എസ്എഫ്ഐയുമായി നിരവധി രാഷ്ട്രീയ സംഘടനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പിണറായി വിജയനെ മർദിച്ച കഥ അറിയില്ല.
പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ കെ.സുധാകരൻ ശ്രമിച്ചുവെന്ന ആരോപണവും മുമ്പ് കേട്ടിട്ടില്ല- മന്പറം അഭിപ്രായപ്പെട്ടു.