കൊട്ടാരക്കര: മൽസ്യഫെഡിന്റെ അന്തിപ്പച്ച മീൻ വിൽപന വണ്ടിയിൽ കാലപ്പഴക്കമുള്ള തമിഴ്നാട് മീൻ കയറ്റി വിൽപന നടത്തി വരുന്നതായി ആക്ഷേപം.
കഴിഞ്ഞ ദിവസം കണ്ടയ്നർ ലോറിയിൽ നിന്നും അന്തിപ്പച്ച വണ്ടിയിലേക്ക് മീൻ കയറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഉടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
ജെ. മേഴ്സിക്കുട്ടിയമ്മ ഫിഷറീസ് വകുപ്പ് മന്ത്രിയായിരിക്കെയാണ് പ്രത്യേക താൽപര്യമെടുത്ത് അന്തിപ്പച്ച എന്ന പേരിൽ വാഹനത്തിൽ മൽസ്യവിൽപന ആരംഭിക്കുന്നത്.
നല്ല മൽസ്യം കേടു കൂടാതെ ന്യായ വിലയ്ക്ക് ജനങ്ങളിലെത്തിക്കുകയായിരുന്നു ലക്ഷ്യം. കൊല്ലം കടപ്പുപുറങ്ങളിൽ നിന്നും രാവിലെ പിടിക്കുന്ന മൽസ്യം ഉച്ചകഴിയുമ്പോൾ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെത്തിച്ച് വിൽപന നടത്തി വരികയായിരുന്നു.
വൻ ജനപ്രീതി നേടിയ സംരംഭമായിരുന്നു ഇത്. നല്ല മീൻ ലഭിക്കുമെന്നതിനാൽ ആളുകൾ വരി നിന്നാണ് മൽസ്യം വാങ്ങിയിരുന്നത്. മൽസ്യഫെഡിനും നല്ല വരുമാനം ലഭിച്ചിരുന്നു.
കൊട്ടാരക്കരയിൽ നഗരസഭാ ഓഫീസിനു സമീപമായിരുന്നു അന്തിപ്പച്ച വണ്ടി ഉച്ചക്കു ശേഷം എത്തിയിരുന്നത്. ആളുകൾ ദീർഘനേരം വരിനിന്നാണ് മൽസ്യം വാങ്ങിയിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം ഇവിടെ വിൽന കേന്ദ്രത്തിലെത്തിയ വാഹനം അൽപസമയത്തിനകം മടങ്ങി. കാത്തു നിന്നവർ വാഹനത്തെ പിന്തുടർന്നപ്പോഴാണ് ദേശീയ പാതയോരത്ത് വെച്ച് കണ്ടയ്നർ ലോറിയിൽ നിന്നും മൽസ്യം കയറ്റുന്നത് ശ്രദ്ധയിൽപ്പെട്ടത്.
കൊല്ലം തീരത്തു നിന്ന് മൽസ്യം ലഭിക്കാഞ്ഞതിനാൽ മറ്റു ജില്ലകളിൽ നിന്നും എത്തിക്കുകയായിരുന്നു എന്നാണ് ബന്ധപ്പെട്ടവർ വിശദീകരിക്കുന്നത്.
തമിഴ്നാട്ടിൽ നിന്നും മാസങ്ങൾ കഴിഞ്ഞ മൽസ്യമാണ് രാസപദാർഥങ്ങൾ ചേർത്ത് കേരളത്തിലെത്തുന്നത്. കേരളത്തിലും വിറ്റഴിക്കപ്പെടാത്ത മൽസ്യം വിഷവസ്തുക്കൾ ചേർത്ത് കണ്ടയ്നർ ലോറികളിൽ സൂക്ഷിച്ചു വരുന്നു.
ലോക്ക് ഡൗൺ പോലുള്ള അവസരങ്ങളിലാണ് ഇത് വിറ്റ് കൊള്ളലാഭം കൊയ്യന്നത്. കഴിഞ്ഞ മാസം കൊല്ലം ബൈപാസിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽ ഇത്തരം മൽസ്യം പിടികൂടിയിരുന്നു.
മാസങ്ങൾ കഴിഞ്ഞ മത്സ്യം അടച്ചിടൽ സമയത്ത് ചെറുകിട കച്ചവടക്കാർക്ക് കൈമാറുകയായിരുന്നു ഇക്കൂട്ടർ.
അന്തിപ്പച്ച എന്ന ജനങ്ങളുടെ വിശ്വാസം ഇതോടെ തകർന്നിട്ടുണ്ട്. മൽസ്യഫെഡിലെ ഒരു വിഭാഗം ജീവനക്കാരാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം.ജനങ്ങളുടെ വിശ്വാസത്തെ കമ്മീഷൻ ലാക്കാക്കി അട്ടിമറിക്കുകയാണ് ഈ ഉദ്യോഗസ്ഥർ.
കേരളത്തിൽ ട്രോളിംഗ് നിലനിൽക്കെ അന്തിപ്പച്ചക്കു മാത്രം പെടക്കണ മീൻ ലഭിക്കുന്നതെന്നാണ് ഉപഭോക്താക്കൾ ചോദിക്കുന്നത്. കാലപ്പഴക്കം ചെന്ന മീൻ അന്തിപ്പച്ചയുടെ പേരിൽ വിറ്റഴിക്കുന്നതിനെതിരെ ബിജെപി.പ്രവർത്തകൻ പ്രതിഷേധ സമരം നടത്തി.
ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനുമായി ബന്ധപ്പെട്ട് വിഷയം ധരിപ്പിച്ചെങ്കിലും പ്രതികരണം മുണ്ടായില്ല. ഇതിനിടെ ഭക്ഷ്യ സുരക്ഷാ വിഭാഗം മീൻ ശേഖരിച്ച് പരിശോധന നടത്തുന്നതായി വാർത്താ കുറുപ്പിൽ അറിയിച്ചു.
ഇവരുടെ പരിശോധനാ ഫലം ഒരിക്കലും പുറം ലോകം കണ്ടിട്ടില്ലെന്നാണ് പൊതുജനം പറയുന്നത്. അന്തിപ്പച്ചക്കെതിരെ ജനരോഷം ശക്തമായിരിക്കുകയാണ്.